സാവോപോളോ: ലോക പ്രശസ്ത ഫുട്ബോളര്‍ ആയ നെയ്‌മാറുടെ എല്ലാ സ്വത്തുക്കളും മരവിപ്പിച്ച് കൊണ്ട് സാവോപോളോ ഫെഡറല്‍ കോടതി ഉത്തരവിട്ടു. ഏകദേശം 50 മില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നെയ്മര്‍ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ബാര്‍സലോണയ്ക്ക് വേണ്ടി കളിക്കുന്ന നെയ്മര്‍ക്ക് വേണ്ടി കോടികള്‍ ആണ് ക്ലബ് മുടക്കിയിരിക്കുന്നത്.
2011 മുതല്‍ 2013 വരെയുള്ള കാലത്തെ ടാക്സ് അടച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെയ്മറുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. നെയ്മാരുടെ സ്വത്തുക്കള്‍ക്ക് പുറമേ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മൂന്ന്‍ കമ്പനികളും മരവിപ്പിച്ച സ്വത്തില്‍ ഉള്‍പ്പെടും. ഏകദേശം 16 മില്യന്‍ ഡോളറിന്റെ ക്രമക്കേട് കണ്ടെത്തിയതായി ആണ് ഫെഡറല്‍ ടാക്സ് ഏജന്‍സി പറയുന്നത്. അടയ്ക്കാനുള്ള ടാക്സും അതിന്‍റെ പിഴയും നെയ്മറില്‍ നിന്ന് ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ നെയ്മാര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. കണക്കില്‍ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തനിക്കറിയില്ല എന്നാണ് താരം പറയുന്നത്. മാഡ്രിഡില്‍ വച്ച് ഈ മാസമാദ്യം നെയ്മരെയും പിതാവിനെയും ചോദ്യം ചെയ്തിരുന്നു.