എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഭീഷണിയും; നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മേലുദ്യോഗസ്ഥരുടെ പണി പോകുമെന്ന് മന്ത്രിമാര്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഭീഷണിയും; നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മേലുദ്യോഗസ്ഥരുടെ പണി പോകുമെന്ന് മന്ത്രിമാര്‍
September 15 02:25 2018 Print This Article

ആശുപത്രികളിലെ പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായ സര്‍ക്കാര്‍. ജീവനക്കാര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുന്നവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന് മേലുദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നതാണ് പുതിയ നിര്‍ദേശം. മേലുദ്യോഗസ്ഥര്‍ക്ക് ജോലി വരെ നഷ്ടമാകുന്ന വിധത്തിലാണ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ പേഴ്‌സണ്‍ ടെസ്റ്റ് കൂടുതല്‍ കര്‍ശനമാക്കും. രോഗികളും സഹപ്രവര്‍ത്തകരും വിലയിരുത്തല്‍ നടത്തുന്ന രീതിയും നടപ്പാകും. ദിനംപ്രതിയെന്നോണം അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതെന്നും ഒരു പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ രോഗികളില്‍ നിന്നും അവരുടെ കൂട്ടിരിപ്പുകാരില്‍ നിന്നും അതിക്രമങ്ങള്‍ നേരിട്ടുവെന്ന 30 ശതമാനം എന്‍എച്ച്എസ് ജീവനക്കാര്‍ പറഞ്ഞിരുന്നു. മറ്റു ജീവനക്കാരില്‍ നിന്നുള്ള അതിക്രമങ്ങള്‍ 25 ശതമാനം പേരും അറിയിച്ചിട്ടുണ്ട്. മാനേജര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും വിവേചനം നേരിടുന്നതായി 6.6 ശതമാനം വെളുത്ത വര്‍ഗ്ഗക്കാരായ ജീവനക്കാര്‍ പറയുമ്പോള്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ 15 ശതമാനത്തിനും ഈ വിവേചനം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരായ 4.5 ശതമാനം ജീവനക്കാര്‍ക്ക് രോഗികളില്‍ നിന്ന് മോശം പെരുമാറ്റവും വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരല്ലാത്തവരില്‍ ഇത് 16.8 ശതമാനമാണ്.

സര്‍വേ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നൂറു കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 1.2 മില്യന്‍ ആളുകളാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. 2014 മുതല്‍ ഡോക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ ടെസ്റ്റ് മറ്റു ജീവനക്കാരിലേക്കും വ്യാപിപ്പിക്കുകയാണ് ഇതിന് ഒരു പോംവഴിയെന്ന് ഹെല്‍ത്ത് മിനിസ്റ്ററായ സ്റ്റീഫന്‍ ബാര്‍ക്ലേ പറയുന്നു. ഇംഗ്ലണ്ടിലെ ആശുപത്രി ട്രസ്റ്റുകളിലെ 2800 ഡയറക്ടര്‍മാര്‍ക്കായിരിക്കും ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുള്ള ചുമതല നല്‍കുക. പ്രശ്‌നം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles