ലണ്ടന്‍: വിന്ററില്‍ രോഗികളുടെ തിരക്ക് മൂലമുണ്ടായ പ്രതിസന്ധി പരഹരിക്കാന്‍ പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ എന്‍എച്ച്എസ് മാറ്റിവെച്ചു. തിമിരം, ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ ജനുവരി പകുതി വരെ മാറ്റിവെക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ദേശിച്ചത്. ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കും രോഗികളുടെ ജീവന്‍ രക്ഷിക്കാനായി നടത്തുന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കും മാത്രമേ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളു.

ഈ വിന്ററില്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദം എത്ര രൂക്ഷമാണെന്നും അക്കാര്യത്തില്‍ എന്‍എച്ച്എസ് നേതൃത്വത്തിനുള്ള ആശങ്ക എത്രമാത്രമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ നടപടി. രൂക്ഷമായ കാലാവസ്ഥയില്‍ ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രോഗികള്‍ നിറഞ്ഞു കവിയുന്നതു മൂലം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദവും കനത്തതാണ്.

കിടക്കള്‍ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായി ക്ലിനിക്കുകളും ഡേ കേസ് സര്‍ജറികള്‍ക്കായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളും അധികം വരുന്ന രോഗികള്‍ക്കായി തയ്യാറാക്കിയിരിക്കുകാണ്. കഴിഞ്ഞ വിന്ററില്‍ ചില ആശുപത്രികള്‍ ജിമ്മുകളും സ്‌റ്റോറുകളും വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതേ സ്ഥിതിവിശേഷം തന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.