ലണ്ടന്‍: 1948ല്‍ സ്ഥാപിച്ചതിനു ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എന്‍എച്ച്എസ് കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധി മൂലം രോഗികള്‍ക്ക് ചികിത്സ താമസിക്കുകയാണെന്നും ഈ നിലയില്‍ ഏറെക്കാലം തുടരാനാകില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരേസ മേയുടെ നേതൃത്വത്തില്‍ ടോറികളാണ് വീണ്ടും അധികാരത്തില്‍ എത്തുന്നതെങ്കില്‍ 2020ഓടെ എന്‍എച്ച്എസ് നേരിടാനിരിക്കുന്ന ബാധ്യത 12.4 ബില്യന്‍ പൗണ്ടിന്റേതായിരിക്കുമെന്നും തിങ്ക്ടാങ്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

2020-21 വര്‍ഷമാകുമ്പോള്‍ എന്‍എച്ച്എസിന് ആവശ്യം വരുന്നത് 140.8 ബില്യന്‍ പൗണ്ടാണ്. എന്നാല്‍ 128.4 ബില്യന്‍ മാത്രമേ നല്‍കൂ എന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. 2010 മുതല്‍ തന്നെ ആശുപത്രികളും കമ്യൂണിറ്റി സര്‍വീസുകളും ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ. അനിറ്റ ചാള്‍സ് വര്‍ത്ത് പറഞ്ഞു. 2020-21 വര്‍ഷത്തോടെ ആരോഗ്യ മേഖലയില്‍ ചെലവാക്കുന്ന തുകയുടെ നിരക്ക് 1.1 ശതമാനമായി കുറയുമെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്‍എച്ച്എസിന് കൂടുതല്‍ പണം നല്‍കുമെന്നാണ് എല്ലാ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ ഏഴ് വര്‍ഷത്തെ ടോറി ഭരണം എന്‍എച്ച്എസിനെ എത്തിച്ചിരിക്കുന്നത് വിചാരിക്കുന്നതിനും അപ്പുറമുള്ള പ്രതിസന്ധിയിലാണ്. വാഗ്ദാനങ്ങള്‍ക്കൊന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമാണ് എന്‍എച്ച്എസ് നേരിടുന്നത്. പ്രകടന പത്രികകള്‍ വിശകലനം ചെയ്തതില്‍ നിന്ന് ലേബര്‍ ഭരണത്തിലാണെങ്കില്‍ 7 ബില്യന്‍ പൗണ്ടിന്റെ കുറവും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് കീഴിലാണെങ്കില്‍ 9.2ബില്യന്‍ പൗണ്ടിന്റെ കുറവും ഉണ്ടാകുമെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്‍ കണക്ക് കൂട്ടുന്നു.