ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ ഇടയില്‍ പുകയുന്ന അതൃപ്തി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് എന്‍എച്ച്എസ് തലവന്‍മാരുടെ നിര്‍ദേശം. ശമ്പളത്തിലും നിയമന വിഷയത്തിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് വന്‍ പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് ഇവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ആശുപത്രികളെും മാനസികാരോഗ്യ കേന്ദ്രങ്ങളെയും പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡറേഷനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2000 ഡോക്ടര്‍മാര്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെത്തുടര്‍ന്ന് യുകെ വിടുമെന്ന് ജിപി നേതാക്കന്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് നിയാല്‍ ഡിക്‌സന്‍ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ശമ്പള വര്‍ദ്ധന തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ക്ക് ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്നും ഈ പ്രശ്‌നം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മനസിലാക്കാം. പക്ഷേ അത്തരം നിയന്ത്രണങ്ങള്‍ നിയമനങ്ങളെയും നിലവിലുള്ള ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. മുന്‍ ടോറി ഹെല്‍ത്ത് സെക്രട്ടറി സ്റ്റീഫന്‍ ഡോറല്‍ ചെയര്‍മാനായ സംഘടനയാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍

കഴിഞ്ഞയാഴ്ചയാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് തങ്ങള്‍ സമരത്തിലേക്ക് നീങ്ങുമെന്ന സൂചനയുമായി രംഗത്തെത്തിയത്. തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷവും സമരത്തിന് പിന്തുണ നല്‍കിയെന്നാണ് സംഘടന അറിയിച്ചത്. ശമ്പള വര്‍ദ്ധനവ് 1 ശതമാനമാക്കിയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതോടെ നഴ്‌സിംഗ് മേഖലയിലുള്ളവര്‍ അതിനേക്കാള്‍ ശമ്പളം ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ജോലികളിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.