എന്‍.എച്ച്.എസ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതില്‍ 600ശതമാനം വര്‍ദ്ധനവുണ്ടായതായി വെളിപ്പെടുത്തല്‍. ജീവനക്കാരുടെ അപര്യാപ്തതയും ഫെസിലിറ്റികളുടെ കുറവുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ എന്‍.എച്ച്.എസ് മേധാവികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ പ്രധാന കാരണം. സമീപകാലത്ത് പല എന്‍.എച്ച്.എസ് ആശുപത്രികളിലും ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാരില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്ത കാരണം നഴ്‌സുമാര്‍ അധിക ജോലിയെടുക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍.എച്ച്.എസ് ഡിജിറ്റല്‍ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആവശ്യമായ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ 2016-17ല്‍ 584,963 കേസുകളാണ് എന്‍.എച്ച്.എസ് സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്. 2007-08 കാലഘട്ടത്തില്‍ 100,067 കേസുകള്‍ മാത്രമെ റഫര്‍ ചെയ്തിരുന്നുള്ളു. ഏതാണ്ട് ആറിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ എന്‍.എച്ച്.എസ് ആകെ കൈകാര്യം ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 16,546,667 ആണ്. സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഇനത്തില്‍ എന്‍.എച്ച്.എസിന് ആകെ ചെലവ് വന്നിരിക്കുന്ന തുക 1 ബില്യണലധികം വരും. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാകുന്നത് എന്‍.എച്ച്.എസിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഒരുപാട് ആവശ്യങ്ങളുമായി എന്‍.എച്ച്.എസിനെ സമീപിച്ചിരുന്നു. എന്നാല്‍ അവക്കൊന്നും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പുറത്തുവന്നിരിക്കുന്ന കണക്കുകളില്‍ അദ്ഭുതം തോന്നുന്നില്ലെന്ന് ഹെല്‍ത്ത് സര്‍വീസ് യൂണിയന്‍ യുണിസണ്‍ പ്രതിനിധി സാറ ഗോര്‍ട്ടണ്‍ പറഞ്ഞു. ചെലവേറിയ ശസ്ത്രക്രിയകള്‍ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് നിലവില്‍ എന്‍.എച്ച്.എസ് ചെയ്യുന്നതെന്നും സാറ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്‍.എച്ച്.എസിനായി ചെലവഴിക്കുന്ന തുകയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. എന്‍.എച്ച്.എസ് പൂര്‍ണമായും സൗജന്യമായാണ് സേവനം നല്‍കുന്നത്. അത് തുടരുമെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് പ്രതികരിച്ചു.