കുടിയേറ്റക്കാര്‍ക്ക് ആരോഗ്യ മേഖലയിലെ ആനുകൂല്യങ്ങള്‍ കുറയ്ക്കുന്ന ഇമിഗ്രേഷന്‍ നയത്തിനെതിരെ വിമര്‍ശനമുയരുന്നു. കുടിയേറ്റക്കാരായ സ്ത്രീകളുടെ മെറ്റേണിറ്റി കെയറിനു പോലും എന്‍എച്ച്എസ് ആശുപത്രികളില്‍ ഫീസ് നല്‍കേണ്ടി വരുന്ന അവസ്ഥയാണ് നയമനുസരിച്ച് സംജാതമായിരിക്കുന്നത്. ഇത് ഇത്തരക്കാരെ വന്‍ കടബാധ്യതകളിലേക്ക് തള്ളിവിടുകയാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കുടിയേറ്റക്കാരെ വിഷമകരമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണ് ഇമിഗ്രേഷന്‍ നയമെന്നാണ് വിമര്‍ശനം. യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഇല്ലാത്ത അമ്മമാര്‍ക്ക് ഗവണ്‍മെന്റ് ഫണ്ടഡ് ചികിത്സകള്‍ക്ക് അനുമതിയില്ല. പ്രസവത്തിനും ഗര്‍ഭകാല, പ്രസവാനന്തര പരിചരണങ്ങള്‍ക്കുമായി ഇവര്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ 50 ശതമാനം അധികം പണം നല്‍കേണ്ടതായും വരാറുണ്ട്.

ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ ഉറപ്പ് ലഭിച്ചവരില്‍ നിന്നു പോലും ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇത്തരത്തില്‍ പണമീടാക്കുന്നത് സാമ്പത്തിക ശേഷിയില്ലാത്തതും ദുര്‍ബലരുമായ സ്ത്രീകളില്‍ മാനസിക പ്രശ്‌നങ്ങള്‍ പോലും സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്ക് വിഷമകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹോം സെക്രട്ടറിയായിരുന്ന കാലത്ത് തെരേസ മേയ് ആണ് എന്‍എച്ച്എസ് സെക്കന്‍ഡറി കെയറില്‍ ഫീസുകള്‍ ആവിഷ്‌കരിച്ചത്. ഹെല്‍ത്ത് ടൂറിസം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന പേരിലായിരുന്നു 50 ശതമാനം അധിക ഫീസ് ഏര്‍പ്പെടുത്തിയത്. 2015ലാണ് ഇവ നിലവില്‍ വന്നത്.

മെറ്റേണിറ്റി ആക്ഷന്‍ എന്ന ചാരിറ്റിയാണ് ചൊവ്വാഴ്ച സര്‍വേ ഫലം പുറത്തു വിട്ടത്. എന്‍എച്ച്എസ് മെറ്റേണിറ്റി കെയറിനുള്ള ഫീസ് അടിയന്തരമായി ഒഴിവാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന് അയച്ച തുറന്ന കത്തില്‍ സംഘടന ആവശ്യപ്പെടുകയും ചെയ്തു. ക്യാംപെയിനര്‍മാര്‍, എന്‍എച്ച്എസ് പ്രൊഫഷണലുകള്‍, ട്രേഡ് യൂണിയന്‍ തലവന്‍മാര്‍ എന്നിവരുള്‍പ്പെടെ 700 പേര്‍ ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്.