ലണ്ടന്‍: രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബ്രിട്ടന്‍ ആരോഗ്യമേഖലയില്‍ പണം ചെലവിടുന്നില്ലെന്ന് പഠനം. യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ ആരോഗ്യമേഖലയ്ക്ക് ചെലവിടുന്നതിനേക്കാള്‍ 43 ബില്യന്‍ പൗണ്ട് കുറവായിരിക്കും 2020ഓടെ ബ്രിട്ടന്‍ ചെലവാക്കുകയെന്നും കിംഗ്‌സ് ഫണ്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടന്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് വിപരീതാനുപാതത്തിലാണ് ആരോഗ്യമേഖലയില്‍ ചെലവിടുന്നത്. 2020ഓടെ ആരോഗ്യമേഖലയിലെ ചെലവില്‍ 16 ബില്യന്‍ പൗണ്ട് കുറവ് വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം മറ്റ് മേഖലകളെ അപേക്ഷിച്ച് വലിയ തോതില്‍ ഫണ്ട് ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കുന്നുവെന്നാണ് മന്ത്രിമാരുടെ വാദം.
2020-21 ബജറ്റില്‍ 8.4 ബില്യന്‍ പൗണ്ട് ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. സാമ്പത്തിക രംഗം വളരെ ബുദ്ധിമുട്ട് നേരിടുന്ന വേളയിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മന്ത്രിമാരുടെ അവകാശ വാദങ്ങളെ കിംഗ്‌സ് ഫണ്ടിന്റെ കണക്കുകള്‍ ചോദ്യം ചെയ്യുന്നു. യൂറോപ്പിലെ രോഗിയായി ബ്രിട്ടന്‍ മാറിക്കഴിഞ്ഞെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ഫ്രാന്‍സും ജര്‍മനിയും അടക്കമുളള യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവിടുന്ന പണവുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലേത് വളരെ കുറവാണ്. അധികൃതര്‍ ചെലവ് ചുരുക്കുമ്പോള്‍ ആരോഗ്യമേഖലയില്‍ നിന്ന് മികച്ച സേവനം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ രോഗികളെ ബാധിക്കുമെന്ന് ഷാഡോ ആരോഗ്യ സെക്രട്ടറി ഹെയ്ദി അലക്‌സാണ്ടര്‍ പറയുന്നു. സര്‍ക്കാര്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ പണം ആരോഗ്യമേഖലയ്ക്ക് ആവശ്യമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യപ്പെടുത്തിയാലും ബ്രിട്ടന്‍, സ്ലൊവേനിയയും ഫിന്‍ലാന്‍ഡും ചെലവാക്കുന്നതിലും വളരെ കുറച്ച് പണമാണ് ഈ രംഗത്ത് ചെലവഴിക്കുന്നത്. 2013ല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടര ശതമാനം ബ്രിട്ടന്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ചിരുന്നു.

രാജ്യത്തെ ആരോഗ്യമേഖലയിലെ ചെലവ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടരശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് 2000ത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ വാഗ്ദാനം നല്‍കിയിരുന്നു. 2009ല്‍ ഗോര്‍ഡന്‍ ബ്രൗണിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലിരിക്കെ ഇത് പാലിക്കുകയും ചെയ്തു. ഇപ്പോള്‍ എന്‍എച്ച്എസിന് ലഭിക്കുന്ന ഫണ്ടുകള്‍ മതിയായതല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്ന് മുന്‍ ആരോഗ്യമന്ത്രി നോര്‍മാന്‍ ലാമ്പ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ കാര്യങ്ങള്‍ തുടരുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. എന്‍എച്ച്എസിന്റെ സംരക്ഷണത്തിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആരോഗ്യ സാമൂഹ്യ സേവനങ്ങള്‍ക്ക് എത്ര പണം നീക്കി വയ്ക്കണമെന്ന് നിശ്ചയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.