സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാജ്യത്തെ പകുതിയോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നു. ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും ഈടാക്കുന്ന ഇത്തരം നികുതികള്‍ അന്യായമാണെന്ന് എംപിമാരും ചാരിറ്റികളും ആരോപിക്കുന്നു. ക്രോയ്‌ഡോണ്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ പാര്‍ക്കിംഗ് ബേയുടെ എണ്ണം 15ല്‍ നിന്ന് 19 ആക്കിയിട്ടുണ്ട് എന്നാല്‍ സൗജന്യ ബേയില്‍ സ്ഥലം ലഭിച്ചില്ലെങ്കില്‍ ബ്ലൂ ബാഡ്ജുള്ളവര്‍ മണിക്കൂറിന് 3 പൗണ്ട് വീതം ഈടാക്കുന്ന കോമണ്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറേണ്ടി വരും. കഴിഞ്ഞ വര്‍ഷം മാത്രം ട്രസ്റ്റുകളുടെ പാര്‍ക്കിംഗ് വരുമാനം 147 മില്യണ്‍ പൗണ്ടാണ്. ഇത്രയധികം വരുമാനം ലഭിക്കുന്ന മേഖലയില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് പല ട്രസ്റ്റുകളുടെയും നിലപാട്.

കാന്‍സര്‍ രോഗികള്‍, അവരുടെ ബന്ധുക്കള്‍, ഭിന്നശേഷിക്കാരായ രോഗികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് മെഡിക്കല്‍ ട്രസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ ആശുപത്രിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ നിര്‍ദേശം മിക്ക ട്രസ്റ്റുകളും നിരാകരിച്ചു. ഇംഗ്ലണ്ടിലെ പകുതിയോളം വരുന്ന ആശുപത്രികള്‍ രോഗികളില്‍ നിന്നും ഭിന്നശേഷിക്കാരായവരില്‍ നിന്നും പാര്‍ക്കിംഗിനായി പണം ഈടാക്കുന്നുണ്ടെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫോണ്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ റോബര്‍ട്ട് ഹാഫോണാണ് ഇത്തരം ചാര്‍ജുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. ഭിന്നശേഷിക്കാരുടെ മേല്‍ ക്രോയ്‌ഡോണ്‍ ആശുപത്രി അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്ന രഹസ്യ നികുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടോറികളുടെ രാഷട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാരും രോഗികളുമായ ആളുകള്‍ ഇത്തരം ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതെന്നും ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്‌വെര്‍ത്ത് വിമര്‍ശിച്ചു. നിലവില്‍ ചാര്‍ജുകള്‍ ഏതാണ്ട് 400,000 പൗണ്ടിന്റെ വരുമാനം നല്‍കുന്നുണ്ട്. ഈ തുക 18ലധികം നഴ്‌സുമാരുടെ ശമ്പളത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ കഴിയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ ചാര്‍ജുകളില്‍ ഇളവു നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമാണെന്ന് മനസിലാക്കണമെന്നും ക്രോയ്‌ഡോണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് വക്താവ് അറിയിച്ചു.