ന്യൂസ് ഡെസ്ക്.

എൻ. എച്ച്. എസിന്റെ പെർഫോർമൻസ് ടാർജറ്റിൻറെ അടുത്തെങ്ങും എത്താനാവാതെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും നോർതേൺ അയർലണ്ടിലെ ഹോസ്പിറ്റലുകൾ ബുദ്ധിമുട്ടുന്നു.  ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ബിർമ്മിങ്ങാമിലെയും ലെസ്റ്ററിലെയും പ്രമുഖ ഹോസ്പിറ്റലുകളും ഈ പട്ടികയിൽ ഉണ്ട്.  ക്യാൻസർ രോഗികൾ ചികിത്സ കിട്ടാൻ 62 ദിവസം കാത്തിരിക്കണം എന്ന അവസ്ഥയാണുള്ളത്. A  E യിൽ ഡോക്ടറെ കാണാൻ വെയിറ്റിംഗ് ടൈം നാലുമണിക്കൂറിൽ താഴെ നിലനിർത്താൻ മിക്ക ഹോസ്പിറ്റലുകളും പരാജയപ്പെട്ടു. നിരവധി ഓപ്പറേഷനുകളും ട്രീറ്റ് മെന്റുകളും ദിവസേന മാറ്റി വയ്ക്കപ്പെടുന്നുണ്ട്. ബിബിസിയും എൻ മാസേയും നടത്തിയ റിസർച്ചിലാണ് വിവരങ്ങൾ പുറത്തു വന്നത്. യുകെയിലെ 160 ഓളം ഹോസ്പിറ്റലുകളിൽ വിദഗ്ദരുടെ സംഘം പഠനം നടത്തി.

ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും സ്ഥലപരിമിതിയും ടാർജറ്റ് നേടുന്നതിൽ തടസമാകുന്നുണ്ട്. ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത് വെയിൽസിലെ ഹോസ്പിറ്റലുകളാണ്. സ്കോട്ട്ലൻഡിലെ സ്ഥിതി ഇംഗ്ലണ്ടിനെ അപേക്ഷിച്ച് മെച്ചമാണ്. എമർജൻസിയിൽ എത്തുന്ന രോഗികളിൽ 11 ശതമാനത്തിന് 4 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. നിലവിൽ 500,000 രോഗികൾ വിവിധ ചികിത്സയ്ക്കായി NHS ൽ വെയിറ്റ് ലിസ്റ്റിൽ ഉണ്ട്.

കഴിഞ്ഞ ഒരു വർഷമായി ടാർജറ്റ് നേടാത്ത ലിസ്റ്റിൽ വൂസ്റ്റർ, വോൾവർഹാംപ്റ്റൺ, ഗ്ലോസ്റ്റർ, ലീഡ്സ്, മെയിഡ് സ്റ്റോൺ, കോൾച്ചെസ്റ്റർ, ഹൾ, ലിങ്കൺ, ബാസിൽഡൺ, നോർത്ത് മിഡ്ലാൻഡ്സ്, ഈസ്റ്റ് കെന്റ് എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകൾ ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ ക്യാൻസർ കെയറിന്റെ ടാർജറ്റ് 85 ശതമാനമായിരിക്കെ 67.3 ശതമാനം കൈവരിക്കാനെ കഴിഞ്ഞുള്ളു. ഓപ്പറേഷൻ ആൻഡ് കെയറിൽ 92 ൽ 90.5ഉം എമർജൻസിയിൽ 87.9 ശതമാനവും മാത്രമാണ് നേടാനായത്. യുകെയിലെ മിക്ക ഹോസ്പിറ്റലുകളും രോഗികളുടെ ബാഹുല്യത്താൽ ടാർജറ്റ് നേടാനാവാതെ നട്ടം തിരിയുകയാണ്. വിന്റർ എത്തുന്നതോടെ എമർജൻസി സംവിധാനങ്ങളടക്കം സമ്മർദ്ദത്തിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.