ലണ്ടന്‍: നൂറ് കണക്കിന് ആശുപത്രി മാലിന്യങ്ങള്‍ നശിപ്പിക്കാതെ സംഭരിച്ചുവെച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍. എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്ന പ്രധാന കോണ്‍ട്രാക്ട് കമ്പനികളിലൊന്നായ ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കമ്പനിക്ക് സംഭരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളതിന്റെ എത്രയോ മടങ്ങ് കൂടുതല്‍ മാലിന്യങ്ങള്‍ നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇത് മൂലമുണ്ടാകില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ പ്രതിനിധി അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ വിശദമായ അന്വേഷണം നടത്തുമെന്നും ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ സമാന കാരണത്തിന് നിരവധി മുന്നറിയിപ്പ് നോട്ടീസുകള്‍ ലഭിച്ചിട്ടുള്ള കമ്പനിക്കെതിരെയാണ് വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കമ്പനി സംഭരിക്കുന്ന മാലിന്യങ്ങളില്‍ മനുഷ്യശരീര ഭാഗങ്ങളും നീക്കം ചെയ്ത അവയവങ്ങളും ടോക്‌സിക് കീമോ തെറാപ്പി കെമിക്കല്‍സ് കൂടാതെ അപകടകാരിയായ മറ്റു മെഡിക്കല്‍ കെമിക്കലുകളും ഉള്‍പ്പെടും. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്.

നിലവില്‍ മാലിന്യ സംസ്‌കരണത്തിലുണ്ടായിരിക്കുന്ന അപാകത ജനങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഇത് പരിസ്ഥിതിക്ക് അങ്ങേയറ്റം ദോഷകരമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് 50 ഓളം എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ നിന്നാണ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ലിമിറ്റഡ് മാലിന്യം ശേഖരിക്കുന്നത്. ഇവരുടെ വിവിധ സൈറ്റുകളിലായിട്ടാണ് ഇവ നിര്‍മാര്‍ജനം ചെയ്യുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് യു.കെയുടെ പോളിസികള്‍ പാലിക്കാതെയാണ് ഇവര്‍ മാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിക്കെതിരെ നിരവധി പരിസ്ഥിതി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.