സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനം നൊന്ത് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യ ചെയ്തു

സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനം നൊന്ത് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യ ചെയ്തു
August 20 04:53 2018 Print This Article

സഹപ്രവര്‍ത്തകരുടെ നിരന്തരമായ പരിഹാസവും ജോലി സ്ഥലത്ത് ഉള്ള പീഡനവും മൂലം എന്‍എച്ച്എസില്‍ ജോലി ചെയ്തിരുന്ന നഴ്സ് ആത്മഹത്യ ചെയ്തു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മുപ്പത്കാരി റിയാന്‍ കോളിന്‍സ് ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹപ്രവര്‍ത്തകരുടെ നിരന്തരമായ കളിയാക്കലും അവഗണനയും ജോലി സ്ഥലത്ത് ഉണ്ടായ പീഡനങ്ങളും മൂലമാണ് റിയാന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്‍എച്ച്എസിന് കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന റിയാന്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.

കളിയാക്കലിനും  ഒറ്റപ്പെടുത്തലിനും പുറമേ വാര്‍ഡിലെ ഏറ്റവും വിഷമമുള്ള ഷിഫ്റ്റില്‍ നിരന്തരം ജോലിക്ക് നിയോഗിച്ചും റിയാനെ ബുദ്ധിമുട്ടിച്ചിരുന്നതായി ഇവര്‍ പറയുന്നു. ബുദ്ധിമുട്ടേറിയ നൈറ്റ് ഷിഫ്റ്റ്, വാരാന്ത്യങ്ങളിലെ ജോലി എന്നിവ എല്ലായ്പ്പോഴും റിയാനായിരുന്നു നല്‍കിയിരുന്നത്. ഇത് മൂലം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനോ വാരാന്ത്യ പാര്‍ട്ടികളില്‍ പങ്കെടുക്കാനോ റിയാന് കഴിഞ്ഞിരുന്നില്ല. ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി റിയാന്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സ്വാന്‍സിയിലെ കെഫന്‍ കോഡ് ഹോസ്പിറ്റലില്‍ ആയിരുന്നു റിയാന്‍ ജോലി ചെയ്തിരുന്നത്. 193 ബെഡുകള്‍ ഉള്ള ഈ ആശുപത്രിയില്‍ മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ആയിരുന്നു ചികിത്സിച്ചിരുന്നത്. മാര്‍ച്ചിലാണ് സ്വാന്‍സിയിലെ വീട്ടില്‍ റിയാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാന്റെ പ്രതിശ്രുത വരനായ ഡേവിഡ് റീഡ് കുട്ടികളെ റിയാനോടൊപ്പം വിടുന്നതിനായി ഇവരുടെ വീട്ടിലെത്തി ഡോര്‍ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനാല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡോര്‍ബെല്‍ അടിക്കുകയും നിരവധി തവണ ഫോണില്‍ വിളിക്കുകയും ചെയ്തെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് പോലീസ് എത്തി വാതിലിന്‍റെ പൂട്ട്‌ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് റിയാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുന്‍പ് പല പ്രാവശ്യം റിയാന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട് ശാന്തയായിക്കഴിഞ്ഞാല്‍ അക്കാര്യം മറന്നു കളഞ്ഞിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. റിയാന്‍ ആത്മഹത്യ ചെയ്തതാണെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുന്‍പായി ആത്മഹത്യാ സൂചന നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റും റിയാന്‍ ഇട്ടിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles