ന്യൂസ് ഡെസ്ക്

രണ്ടു മാസത്തെ ശമ്പളം ഒന്നിച്ചു കിട്ടിയാൽ എത്ര നന്നായിരുന്നു എന്നു കരുതാത്തവർ ആരുമുണ്ടാവില്ല. എന്നാൽ രണ്ടു വർഷത്തെ ശമ്പളം ഒറ്റയടിയ്ക്കു അക്കൗണ്ടിൽ വന്നാലോ? സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത സ്ഥിതിയായിരിക്കും. ക്ലീലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. കാരണം അവരുടെ അക്കൗണ്ടിൽ ഓർക്കാപ്പുറത്ത് വന്നു വീണത് ഏകദേശം 66,000 പൗണ്ട് വീതമാണ്. പുതിയ കാറും ഹോളിഡേയും ഒക്കെ ബുക്ക് ചെയ്ത് കിട്ടിയ പണം കൊണ്ട് സന്തോഷം ആഘോഷിക്കുകയാണ് ഈ എൻഎച്ച്എസ് നഴ്സുമാർ. ഇത് ഇവർക്ക് എൻഎച്ച്എസ് കൊടുത്തതോ ആരെങ്കിലും അബദ്ധത്തിൽ അക്കൗണ്ടിൽ നിക്ഷേപിച്ചതോ അല്ല.

ലണാർക്ക് ഷയർ ക്ലിലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 15 പേരടങ്ങുന്ന ഇവരുടെ സിൻഡിക്കേറ്റ് യൂറോമില്യൺ ലോട്ടറിയിൽ നേടിയത് ഒരു മില്യൺ പൗണ്ട്. യു കെ മില്യണയർ മേക്കർ കോഡാണ് ഇവർ നേടിയത്. മൂന്നു വർഷമായി ഇവർ ലോട്ടറിയെടുക്കുന്നു. ഇതിനു മുമ്പ് ഇവർ നേടിയ ഏറ്റവും കൂടിയ ഏറ്റവും കൂടിയ തുക 12 പൗണ്ടായിരുന്നു. സിൻഡിക്കേറ്റിലെ 13 പേർ ഈ സന്തോഷ വാർത്ത ന്യൂസിലൂടെ ഷെയർ ചെയ്തു. ജൂൺ ഫ്രേസർ, 58 ആണ് സിൻഡിക്കേറ്റിന് നേതൃത്വം നല്കുന്നതും ടിക്കറ്റുകൾ മാനേജ്ചെയ്യുന്നത്. ശനിയാഴ്ച രാവിലെ നാഷണൽ ലോട്ടറി ആപ്പിലൂടെ റിസൽട്ട് ചെക്ക് ചെയ്ത ജൂണിന് വിശ്വാസം വന്നില്ല. ഒരു മില്യൺ നേടിയതായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ജൂൺ കരുതി ആപ്പിന് തകരാണെന്ന്. ഉടൻ തന്നെ തന്റെ കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരെ വിളിച്ച് ജൂൺ സന്തോഷ വാർത്ത പങ്കുവെച്ചു.

നവംബറിൽ റിട്ടയർ ചെയ്യുന്ന സിൻഡിക്കേറ്റ് അംഗമായ കരോൾ ഹാമ് ലിൻ സാമ്പത്തിക ഭദ്രതയുള്ള ഒരു റിട്ടയർമെന്റ് ജീവിതം ലഭിക്കുന്നതിലുള്ള ആഹ്ളാദം മറച്ചു വെച്ചില്ല. റിട്ടയർ ചെയ്തതിനു ശേഷവും ഏതാനും മണിക്കൂറുകൾ വീതം ആഴ്ചയിൽ ജോലി തുടരാനിരുന്ന കരോൾ തീരുമാനം തന്നെ മാറ്റി. ഹോസ്പിറ്റലിലെ സ്റ്റാഫിനെയും പേഷ്യന്റുകളെയും കേക്കും മറ്റ് വിഭവങ്ങളുമായി ട്രീറ്റ് ചെയ്താണ് നഴ്സുമാർ തങ്ങളുടെ ലോട്ടറി നേട്ടം ആഘോഷമാക്കിയത്.