പ്രസവ സമയത്തെ ജീവനക്കാരുടെ അശ്രദ്ധ മൂലം തലച്ചോറിന് സാരമായ ക്ഷതമേല്‍ക്കുകയും അതു മൂലമുണ്ടായ വൈകല്യങ്ങളുമായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന 18 കാരിക്ക് എന്‍എച്ച്എസ് 2.1 മില്യന്‍ പൗണ്ട് നഷ്ടപരിഹാരമായി . എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇത്. പ്രസവ സമയത്ത് ശ്വസനം ശരിയായി നടക്കാതെ വന്നതിനെത്തുടര്‍ന്നാണ് കുട്ടിക്ക് മസ്തിഷ്‌കത്തിന് സാരമായ തകരാറുകള്‍ നേരിട്ടത്. അഞ്ചു മാസം പ്രായമുള്ളപ്പോളാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുട്ടി അനുഭവിച്ചു തുടങ്ങിയത്. അന്നനാളത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ അഞ്ചാം മാസത്തില്‍ ഒരു ശസ്ത്രക്രിയക്ക് കുട്ടി വിധേയയാകേണ്ടി വന്നു.

കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ വെച്ച് കുട്ടിയുടെ ശ്വാസം നിലയ്ക്കുകയും ഓക്‌സിജന്‍ ലഭിക്കാതെ ശരീരം നീലനിറത്തിലാകുകയും ചെയ്തു. 2000 ഫെബ്രുവരിയില്‍ ജനന സമയത്ത് ഡോക്ടര്‍മാര്‍ കുട്ടിയെ ശരിയായി വെന്റിലേറ്റ് ചെയ്യാതിരുന്നതാണ് മസ്തിഷ്‌ക ക്ഷതത്തിന് കാരണമായതെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരമായി 2.1 മില്യന്‍ പൗണ്ട് എന്‍എച്ച്എസ് നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. പ്രതിവര്‍ഷം 203,000 പൗണ്ട് വീതം നല്‍കാനാണ് വിധി. കുട്ടിയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കിയാല്‍ സെറ്റില്‍മെന്റിന്റെ മൂല്യം 19,774,265 പൗണ്ട് വരും. ഇതിനു മുമ്പ് രേഖപ്പെടുത്തിയ റെക്കോര്‍ഡ് സെറ്റില്‍മെന്റ് കഴിഞ്ഞ മെയ് മാസത്തില്‍ വിധിച്ച 19,410,417 പൗണ്ടിന്റേതാണ്.

 

കാര്‍ഡിഫ് ആന്‍ഡ് വെയില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് വേണം നഷ്ടപരിഹാരം നല്‍കാന്‍. കാര്‍ഡിഫ് ഹൈക്കോടതി ജസ്റ്റിസ് റോബര്‍ട്ട് ഹാരിസണാണ് ഈ വിധി പുറപ്പെടുവിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ചികിത്സാപ്പിഴവു മൂലമുണ്ടായ വൈകല്യം ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സാധിച്ചതെന്ന് കുട്ടിക്കു വേണ്ടി ഹാജരായ യിവോണ്‍ ആഗ്ന്യൂ പറഞ്ഞു.