ലണ്ടന്‍: ഹോംലെസ് ആയവര്‍ക്ക് മാനസികാരോഗ്യ പരിരക്ഷ നല്‍കുന്ന എന്‍എച്ച്എസ് സംഘത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു. ഫോക്കസ് ഹോംലെസ് ഔട്ട്‌റീച്ച് ടീമിന് ക്യാംഡെന്‍ എന്‍എച്ച്എസ് ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് നല്‍കിവരുന്ന തുകയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 2,19,866 പൗണ്ടിന്റെ കുറവ് വരുത്താനാണ് തീരുമാനം. ഈ ഏപ്രില്‍ മുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പ്രാബല്യത്തിലാകും. ടീമിലെ രണ്ട് സൈക്യാട്രിസ്റ്റുമാരില്‍ ഒരാള്‍ക്കും ആറ് നഴ്‌സുമാരില്‍ ഒരാള്‍ക്കും ഇതോടെ ജോലി നഷ്ടമാകുമെന്നും ചോര്‍ന്നു കിട്ടിയ സിസിജി രേഖകള്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന് റെക്കോര്‍ഡ് തുകയാണ് ഫണ്ടുകളായി ലഭിക്കുന്നതെന്നാണ് തെരേസ മേയും ജെറമി ഹണ്ടും അവകാശപ്പെടുന്നത്. എന്നാല്‍ ഈ പുതിയ തീരുമാനം ഇവരുടെ വാക്കുകളുടെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭവനരഹിതരായി തെരുവുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകാനും കൊലപാതകങ്ങള്‍ വരെ നടക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ക്യാംഡെനില്‍ ആശുപത്രികളും ജിപികളും പരമാവധി ശേഷിക്ക് മേലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ തിരക്ക് വര്‍ദ്ധിക്കാനും പുതിയ നീക്കം കാരണമാകുമെന്നും വിലയിരുത്തലുണ്ട്.

5,21,000 പൗണ്ടിന്റെ ബജറ്റാണ് സിസിജി എന്‍എച്ച്എസ് സംഘത്തിന് അനുവദിച്ചിരുന്നുത്. ഇതില്‍ നിന്ന് 42 ശതമാനം വെട്ടിക്കുറയ്ക്കാനാണ് നീക്കം. ലോക്കല്‍ ജിപിമാരും സൈക്യാട്രിസ്റ്റുകളും ഹോംലെസ് ചാരിറ്റികളും, ഹോസ്റ്റല്‍ മാനേജര്‍മാരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ക്യാംഡെന്‍. മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, കോണ്‍വാള്‍ എന്നീ പ്രദേശങ്ങളാണ് തൊട്ടി പിന്നിലുള്ളത്. 25 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഫോക്കസ് ഹോംലെസ് ആയവരിലെ വിഷാദരോഗം, സൈക്കോസിസ് തുടങ്ങി എല്ലാ മാനസികാരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു.