ജെറമി ഹണ്ടിനു കീഴില്‍ ചില സുപ്രധാന മേഖലകളില്‍ എന്‍എച്ച്എസ് പിന്നോട്ടു പോയെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആറു വര്‍ഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തിരുന്ന ഹണ്ടിനു കീഴില്‍ ജീവനക്കാരും അതൃപ്തരായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ ശബ്ദത്തിനു പ്രാധാന്യം നല്‍കിയതില്‍ ഹണ്ടിന് നന്ദി പറയുകയാണ് ചില പേഷ്യന്റ് ഗ്രൂപ്പുകള്‍. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തു നിന്ന് ഫോറിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയ ഹണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും പ്രവഹിക്കുകയാണ്. താന്‍ ഒരു കര്‍ക്കശക്കാരനാണെന്നാണ് ചില ജീവനക്കാര്‍ കരുതുന്നതെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ ഹണ്ട് പറഞ്ഞു.

വീക്കെന്‍ഡുകളിലെ ഓവര്‍ടൈമിന് ഡോക്ടര്‍മാര്‍ക്ക് നല്‍കി വന്നിരുന്ന വേതനം വെട്ടിക്കുറച്ചതും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വൈകുന്നേരങ്ങളില്‍ ഡ്യൂട്ടി നല്‍കിയതുമൊക്കെ ഹണ്ടിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഇതിനെതിരെ നടന്ന സമരങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന റേച്ചല്‍ ക്ലാര്‍ക്ക് എന്ന പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍ രൂക്ഷമായ ഭാഷയിലാണ് ഹണ്ടിനെ വിമര്‍ശിക്കുന്നത്. മറക്കാനാവാത്തതും നാണംകെട്ടതുമായ സമ്പ്രദായങ്ങളാണ് ഹണ്ട് നടപ്പിലാക്കിയതെന്ന് ഇവര്‍ പറയുന്നു. 7000 ബെഡുകള്‍ വെട്ടിക്കുറച്ചു. വിന്റര്‍ ക്രൈസിസ് മനുഷ്യാവകാശ പ്രതിസന്ധി പോലും സൃഷ്ടിച്ചു.

ആശുപത്രി ഇടനാഴികളില്‍ അകാല മരണങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ രോഗീ സുരക്ഷയില്‍ ഹണ്ട് ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്‍എച്ച്എസ് ചികിത്സാപ്പിഴവുകള്‍ മൂലം രോഗികള്‍ മരിച്ച അവസരങ്ങളില്‍ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കാനും അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഹണ്ട് ശ്രദ്ധിച്ചിരുന്നുവെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.