യുകെയില്‍ തുടരുന്ന പ്രതികൂല കാലാവസ്ഥയിലും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് എന്‍എച്ച്എസ് ജീവനക്കാര്‍. കനത്ത മഞ്ഞു വീഴ്ച്ചയും ശീതക്കാറ്റും മൂലം രാജ്യം അതീവ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് എന്‍എച്ച്എസ് ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുന്നത്. മോശം കാലവസ്ഥ തുടരുന്ന ഈ സാഹചര്യത്തില്‍ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പു വരുത്തുന്നതിനാവശ്യമായ അസാമാന്യ മുന്‍കരുതലുകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് ഇഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. മൈലുകളോളം മഞ്ഞില്‍ സഞ്ചരിച്ചും കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ നിരത്തിലിറക്കാന്‍ സഹായിച്ചും അടിയന്തര സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ തന്നെ താമസിച്ചും പ്രതികൂല സാഹചര്യത്തില്‍ രാജ്യത്തോടൊപ്പം നില്‍ക്കുകയാണ് എന്‍എച്ച്എസ് ജീവനക്കാരുമെന്ന് സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കുന്നു.

അടിയന്തര സേവനങ്ങള്‍ നിര്‍വ്വഹിച്ച ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാരമെഡിക് ടീമിനെയും സണ്ടര്‍ലാന്റ് ആശുപത്രി ജീവനക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ ആശുപത്രി വാഹനങ്ങളുടെ ഗതാഗതം സഹായിച്ച സൈന്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ രോഗികളുടെ ആവശ്യത്തിനായി നിലകൊണ്ട എന്‍എച്ച്എസ് ജീവനക്കാര്‍ അസാമാന്യ പ്രവര്‍ത്തിയാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്ന സേവനമാണിത്. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്‍എച്ച്എസ് കൂടെയുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ ദൂരത്ത് പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് കര്‍മ്മനിരതരായ എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വലിയ നന്ദിയുണ്ടെന്ന് സൈമണ്‍ സ്റ്റീവന്‍സ് പറയുന്നു. ഇത്തരം സേവനങ്ങള്‍ക്ക് രാജ്യത്തുടന്നീളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൂല കാലാസ്ഥയില്‍ മറ്റു വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ലണ്ടനില്‍ നിന്നുള്ള കാറ്റ്, പാരമെഡിക് ആംബുലന്‍സുകള്‍ റോന്തു ചുറ്റിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രോഗികളുടെ പരിചരണത്തിനായി ആശുപത്രിയില്‍ തന്നെ സണ്ടര്‍ലാന്റ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ താമസിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ആശുപത്രികളിലും ഉണ്ടായിട്ടുണ്ടെന്നും സ്റ്റീവന്‍സ് നുഫീല്‍ഡില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. പല സ്ഥലങ്ങളിലും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധാരണക്കാരായ ആളുകളാണ് സഹായിച്ചത്. രണ്ട് കര്‍ഷകരാണ് മരുന്നുകള്‍ സപ്ലൈ ചെയ്യാനായി ആകില്‍ മെഡിക്കല്‍ സെന്ററിനെ സഹായിച്ചത്. ഇവരുടെ ട്രാക്ക്ട്ടറിലാണ് മരുന്നുകള്‍ വിതരണം ചെയ്തത്. മറ്റൊരിടത്ത് ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിച്ചത് ഒരു സ്‌കൂള്‍ ടീച്ചറാണ്. ഡോക്ടറെ സ്വന്തം വാഹനത്തില്‍ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ എന്‍എച്ച്എസിലെയും ജീവനക്കാര്‍ അതീവ ആത്മാര്‍ഥതയോടെയാണ് പ്രതിസന്ധി ഘട്ടത്തിലും ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.