ലണ്ടന്‍: വര്‍ഷങ്ങളായി കുറഞ്ഞ നിരക്കിലുള്ള ശമ്പളം മാത്രെ ലഭിക്കുന്നതിനാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജോലികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളോളമായി ഇവര്‍ക്ക് ലഭിക്കുന്നത് 1 ശതമാനം വേതന വര്‍ദ്ധനവ് മാത്രമാണ്. ഇത് ജീവനക്കാരെ എന്‍എച്ച്എസ് വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് വിവരം. നിലവില്‍ ജീവനക്കാരുടെ കുറവ് മൂലം എന്‍എച്ച്എസ് പ്രതിസന്ധിയെ നേരിടുകയാണ്. ഇതുമൂലം രോഗികളുടെ സുരക്ഷയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാനസികരോഗങ്ങളുള്ളവരുടെ ചികിത്സയെ ജീവനക്കാരുടെ കുറവ് ഏറെ ബാധിക്കുന്നുണ്ടെന്ന് ആശുപത്രി തലവന്‍മാര്‍ പറയുന്നു.

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ഈ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് രംഗത്തെത്തിയത്. ആരോഗ്യമേഖല നേരിടുന്ന ഈ വലിയ പ്രതിസന്ധി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് ഉദ്ദേശ്യം. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കാതിരിക്കുന്നതും ന്യായമായ ശമ്പളം നല്‍കാത്തതും എന്‍എച്ച്എസിനെ ഇല്ലാതാക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിലെ 240 എന്‍എച്ച്എസ് ആശുപത്രികള്‍, മെന്റല്‍ ഹെല്‍ത്ത്, ആംബുലന്‍സ് ട്രസ്റ്റുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എന്‍എച്ചഎസ് പ്രൊവൈഡേഴ്‌സ്.

2020 വരെ ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് മാത്രം എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് എടുത്തുകളയണമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സണ്‍ ആവശ്യപ്പെട്ടു. ട്രസ്റ്റുകളില്‍ നിന്ന് ഒട്ടേറെ ജീവനക്കാരാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജോലികള്‍ തേടി പോകുന്നത്. ഏഴ് വര്‍ഷത്തേക്ക് തുടരുന്ന ശമ്പള വര്‍ദ്ധനവിലെ നിയന്ത്രണം കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇത് രോഗികളുടെ പരിചരണത്തെ ബാധിക്കുന്നു. കൂടാതെ വിലമതിക്കാനാവാത്ത സേവനത്തിനാണ് കുറഞ്ഞ ശമ്പളം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.