മൂന്ന് മാസങ്ങള്‍ക്കിടെ എന്‍എച്ച്എസ് വേക്കന്‍സികള്‍ 10 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 107,743 വേക്കന്‍സികളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ദേശീയ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിന്ററിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്തരമൊരും ആപല്‍ക്കരമായ സ്ഥതിവിശേഷം വെളിവാക്കപ്പെട്ടിരിക്കുന്നത്. 2018-19 വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ കണക്കുകള്‍ വാച്ച്‌ഡോഗായ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റാണ് പുറത്തു വിട്ടിരിക്കുന്നത്. മാര്‍ച്ചില്‍ 98,475 ഒഴിവുകളുണ്ടായിരുന്നത് ജൂണില്‍ 107,743 ആയി ഉയര്‍ന്നു. 9268 പേര്‍ ഇക്കാലയളവില്‍ എന്‍എച്ച്എസ് ജോലികള്‍ ഉപേക്ഷിച്ചുവെന്നാണ് മനസിലാക്കുന്നത്.

നിലവിലുള്ളതില്‍ 11 തസ്തികകളില്‍ ഒന്നു വീതം ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്‌മെന്റ് ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഈ കൊഴിഞ്ഞുപോക്ക്. ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതാവസ്ഥയും സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയവും എല്ലാം ഈ സാഹചര്യത്തിന് വളമായിട്ടുണ്ടെന്ന് വിദഗദ്ധര്‍ പറയുന്നു. ആരോഗ്യ മേഖലയിലുള്ളവരുടെ വിസയിലെ അനിശ്ചിതത്വവും യുകെയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ കരിയറിലുള്ള ആശങ്കകളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് പുറത്തുവിട്ട ഈ കണക്കുകള്‍ അനുസരിച്ച് ഈ വിന്റര്‍ കൂടുതല്‍ പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാണെന്ന് കിംഗ്‌സ് ഫണ്ട് തിങ്ക് ടാങ്കിലെ ചീഫ് അനലിസ്റ്റ് ശിവ ആനന്ദശിവ പറയുന്നു. നഴ്‌സുമാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വന്‍ കുറവ് ഒരു നാഷണല്‍ എമര്‍ജന്‍സി സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഇമിഗ്രേഷന്‍ നയത്തിന്റെയും ബ്രെക്‌സിറ്റിന്റെയും അനന്തരഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 11,576 ഡോക്ടര്‍മാരുടെയും 41,722 നഴ്‌സുമാരുടെയും വേക്കന്‍സിയാണ് ഇംഗ്ലീഷ് ട്രസ്റ്റുകളില്‍ നിലവിലുള്ളത്. ലണ്ടനിലാണ് നഴ്‌സുമാരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ റിക്രൂട്ട്‌മെന്റ് വളരെ വിഷമം പിടിച്ച ജോലിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.