ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അപ്പോയിന്റ്‌മെന്റുകള്‍ മിസ്സായതിലൂടെ എന്‍എച്ച്എസിന് നഷ്ടമായത് 350 മില്യന്‍ പൗണ്ട്. എന്‍എച്ച്എസ് ഔട്ട്‌പേഷ്യന്റ് അപ്പോയിന്റമെന്റുകള്‍ എടുത്ത ശേഷം ഇക്കാലയളവില്‍ 2.9 മില്യന്‍ രോഗികള്‍ ആശുപത്രികളില്‍ എത്താതിരിക്കുകയോ താമസിച്ച് എത്തുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ബജറ്റ് കട്ടുകള്‍ക്കിടയില്‍ ഫണ്ടുകള്‍ക്കായി ഹെല്‍ത്ത് സര്‍വീസ് ബുദ്ധിമുട്ടുന്നതിനിടയിലാണ് രോഗികളുടെ അനാസ്ഥ മൂലം ഈ നഷ്ടം നേരിടേണ്ടി വരുന്നത്. അതീവ സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു അപ്പോയിന്റ്‌മെന്റിന് ശരാശരി 120 പൗണ്ടാണ് എന്‍എച്ച്എസിന് ചെലവാകുന്നത്. അതുകൊണ്ടുതന്നെ അപ്പോയിന്റ്‌മെന്റുകള്‍ പാഴാക്കുന്നത് വന്‍ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് ബിഎംഎയുടെ കണ്‍സള്‍ട്ടന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.റോബര്‍ട്ട് ഹാര്‍വുഡ് പറയുന്നു. എന്നാല്‍ തക്കതായ കാരണങ്ങളാല്‍ അപ്പോയിന്റമെന്റുകള്‍ പാലിക്കാന്‍ കഴിയാത്ത രോഗികളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രോഗിക്ക് ലഭിക്കേണ്ട ചികിത്സാ സൗകര്യമാണ് ഒരു അപ്പോയിന്റ്‌മെന്റ് റദ്ദാകുന്നതിലൂടെ ഇല്ലാതാകുന്നതെന്നും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് 33 മില്യന്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളില്‍ 8.6 ശതമാനം പേര്‍ എത്താറില്ല. 934,123 പേരാണ് ആദ്യ അപ്പോയിന്റ്‌മെന്റുകള്‍ ഈ വിധത്തില്‍ പാഴാക്കിയിരിക്കുന്നത്. പിന്നീട് എടുക്കുന്നവയില്‍ ഹാജരാകാന്‍ 1.9 മില്യന്‍ ആളുകള്‍ പരാജയപ്പെടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിംഗ് പ്രതിസന്ധിക്കു പുറമേ ജീവനക്കാരുടെ കുറവു മൂലം സേവനം ശരിയായി നല്‍കാന്‍ കഴിയാത്ത എന്‍എച്ച്എസിന് രോഗികളില്‍ നിന്നുള്ള ഇത്തരം സമീപനം വല്ലാത്ത പ്രതിസന്ധിയാണ് സമ്മാനിക്കുന്നതെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് നിയാല്‍ ഡിക്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.