ലണ്ടന്‍: എന്‍എച്ച്എസില്‍ വനിതാ ഡോക്ടര്‍മാരുടെ എണ്ണം കൂടിയതാണ് ജോലി സമയം വര്‍ദ്ധിപ്പിച്ചതിനെതിരേയുള്ള സമരത്തിന് കാരണമെന്ന് സണ്‍ഡേ ടൈംസില്‍ ലേഖനം. കഴിഞ്ഞയാഴ്ച നടന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിന്റെ കാരണം എന്‍എച്ച്എസിന്റെ വനിതാവല്‍ക്കരണമാണെന്നാണ് കോളം എഴുതിയ ഡൊമിനിക് ലോസണ്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീ ഡോക്ടര്‍മാര്‍ തങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ പുരുഷന്‍മാരേക്കാള്‍ അവര്‍ വിമുഖത കാട്ടുന്നു. ആക്‌സിഡന്റ് എമര്‍ജന്‍സി വാര്‍ഡുകളിലാണ് ഇതിന്റെ ദോഷവശം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നതെന്നും ലോസണ്‍ തന്റെ ലേഖനത്തില്‍ പറയുന്നു.
ഹെല്‍ത്ത് സര്‍വീസിന്റെ ഭാവി എന്ന പേരില്‍ 2008ല്‍ പുറത്തു വന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ ഡോ. ബ്രയാന്‍ മക് കിന്‍സ്ട്രിയുടെ വാക്കുകളും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ലോസണ്‍ ഉപയോഗിക്കുന്നു. പുരുഷന്‍മാരായ ഡോക്ടര്‍മാരേക്കാള്‍ കുറവു സമയം മാത്രമേ സ്ത്രീകളായ ഡോക്ടര്‍മാര്‍ സേവനത്തിനായി വിനിയോഗിക്കാന്‍ തയ്യാറാകുന്നുള്ളു എന്നായിരുന്നു മക് കിന്‍സ്ട്രി പറഞ്ഞത്. രാജ്യത്ത് സേവനത്തിന് തയ്യാറാകുന്ന ജിപികളുടെ എണ്ണം കുറവാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഒരു പ്രൊഫഷണലായി ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയേയും മാറ്റിയെടുക്കുന്നതിന് അഞ്ചു ലക്ഷം പൗണ്ടാണ് പൊതുഖജനാവില്‍ നിന്ന് ചെലവാകുന്നത്.

കോളം പ്രസിദ്ധീകരിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ വലിയ ആക്രമണമാണ് ഉണ്ടായത്. തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിനെതിരേ വനിതാ ഡോക്ടര്‍മാരും രംഗത്തെത്തി. ജോലി സമയം വര്‍ദ്ധിപ്പിച്ച സംഭവത്തെ സാമൂഹ്യവിരുദ്ധ നടപടിയെന്നായിരുന്നു ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചിരുന്നത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. ഫെബ്രുവരിയില്‍ രണ്ടാം വട്ട സമരം നടക്കും.