അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയത്തിന് വാട്‌സാപ്പ് ഉപയോഗിക്കാം; ജീവനക്കാര്‍ക്ക് എന്‍എച്ച്എസിന്റെ നിര്‍ദേശം

അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയത്തിന് വാട്‌സാപ്പ് ഉപയോഗിക്കാം; ജീവനക്കാര്‍ക്ക് എന്‍എച്ച്എസിന്റെ നിര്‍ദേശം
November 10 05:23 2018 Print This Article

അടിയന്തര സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ വാട്‌സാപ്പ് ഉപയോഗിക്കണമെന്ന് ജീവനക്കാര്‍ക്ക് എന്‍എച്ച്എസ് നിര്‍ദേശം. ആദ്യമായാണ് ഇത്തരമൊരു നിര്‍ദേശം ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016ലെ ക്രോയ്‌ഡോണ്‍ ട്രാം അപകടം, കഴിഞ്ഞ വര്‍ഷമുണ്ടായ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തം, ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം, മാഞ്ചസ്റ്റര്‍ ഭീകരാക്രമണം എന്നിവയുടെ സമയത്ത് മെഡിക്കല്‍ രംഗത്തുള്ളവര്‍ വാട്‌സാപ്പ് കാര്യക്ഷമമായി ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ഉപയോഗിക്കുന്ന വിഷയത്തില്‍ ജീവനക്കാര്‍ക്കുള്ള ആശയക്കുഴപ്പം ഇതോടെ മാറും. പ്രൈവസി റൂളുകളും ഡേറ്റ ഷെയറിംഗ് നിയമങ്ങളും കണക്കിലെടുത്തുകൊണ്ടാണ് എന്‍എച്ച്എസിന്റെ നിര്‍ദേശം.

എന്‍എച്ച്എസ് എന്‍ക്രിപ്ഷന്‍ സ്റ്റാന്‍ഡാര്‍ഡുകള്‍ അനുസരിക്കുന്ന ആപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡിവൈസുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്, രോഗികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനായി ഡിവൈസിന്റെ ലോക്ക് സ്‌ക്രീനിലെ മെസേജ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. രോഗികള്‍ക്കായി പ്രത്യേകം ക്ലിനിക്കല്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കണം. മെഡിക്കല്‍ റെക്കോര്‍ഡിലേക്ക് വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തിലും വെസ്റ്റമിന്‍സ്റ്റര്‍ ഭീകരാക്രമണത്തിലും ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനങ്ങളിലൂടെ മികച്ച ഏകോപനമാണ് സാധ്യമായതെന്ന് ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ അനസ്‌തേഷ്യ കണ്‍സള്‍ട്ടന്റായ ഡോ.ഹെല്‍ജി ജോഹാന്‍സണ്‍ പറയുന്നു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് എന്‍എച്ച്എസ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles