രോഗികള്‍ക്ക് പണം നേരിട്ട് നല്‍കുന്ന സംവിധാനം എന്‍എച്ച്എസ് ആവിഷ്‌കരിക്കുന്നു. രോഗികള്‍ക്ക് അനുയോജ്യമായ കെയറിംഗ് സംവിധാനം സ്വയം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ രോഗികള്‍ക്ക് ലഭിക്കുന്നത്. പേഴ്‌സണല്‍ അലവന്‍സായി ലക്ഷക്കണക്കിന് രോഗികള്‍ക്ക് പണം നല്‍കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഡിമെന്‍ഷ്യ, പഠന വൈകല്യങ്ങള്‍ എന്നിവയുള്ളവര്‍ക്ക് തങ്ങള്‍ക്കാവശ്യമായ ചികിത്സ ഏതു വിധത്തിലുള്ളതാകണമെന്ന് തെരഞ്ഞെടുക്കാം. രോഗികളിലേക്ക് അധികാരം തിരിച്ചെത്തിക്കുക എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. എന്നാല്‍ രോഗികള്‍ക്ക് ഇപ്രകാരം ചെയ്യണമെങ്കില്‍ ഒരു ഡോക്ടറുടെ അപ്രൂവല്‍ ആവശ്യമാണ്.

പേഴ്‌സണല്‍ ഹെല്‍ത്ത് ബജറ്റുകള്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചവര്‍ക്കും വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്. അതിനു സമാനമായാണ് എന്‍എച്ച്എസും അലവന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് പൗണ്ടുകള്‍ ഈ വിധത്തില്‍ രോഗികള്‍ക്ക് കൈമാറാനാണ് പദ്ധതി. ഇതിലൂടെ രോഗികള്‍ക്ക് സ്വന്തമായി കെയറര്‍മാരെ നിയോഗിക്കാന്‍ കഴിയും പേഴ്‌സണല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കാനും ഉപകരണങ്ങള്‍ വാങ്ങാനും എക്‌സര്‍സൈസ് ക്ലാസുകളില്‍ പങ്കെടുക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യമാണ് രോഗികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. നിരവധി പേര്‍ ഈ നീക്കത്തെ അനുകൂലിക്കുമ്പോള്‍ വിമര്‍ശകരും കുറവല്ല.

ചികിത്സക്കായി നല്‍കുന്ന പണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത് ഉപയോഗിച്ച് ഹോളിഡേകള്‍ ആഘോഷിക്കുമെന്നും അരോമതെറാപ്പി പോലെയുള്ള വ്യാജ വൈദ്യത്തിന് ഉപയോഗിക്കപ്പെടുമെന്നും വിമര്‍ശനമുയരുന്നു. നിലവില്‍ 23,000 പേര്‍ക്ക് പേഴ്‌സണല്‍ ബജറ്റ് എന്‍എച്ച്എസ് നല്‍കുന്നുണ്ട്. ഇത് 350,000 ആയി ഉയര്‍ത്താനാണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുടെ പിന്തുണയോടെയാണ് ഈ പദ്ധതി നിലവില്‍ വരുന്നത്.