എന്‍എച്ച്എസ് വിന്റര്‍ ക്രൈസിസ്; കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ലേബര്‍ നിര്‍ദേശത്തിന് കോമണ്‍സിന്റെ അംഗീകാരം

എന്‍എച്ച്എസ് വിന്റര്‍ ക്രൈസിസ്; കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന ലേബര്‍ നിര്‍ദേശത്തിന് കോമണ്‍സിന്റെ അംഗീകാരം
January 11 05:43 2018 Print This Article

ലണ്ടന്‍: വിന്റര്‍ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്ന ലേബര്‍ ആവശ്യത്തിന് ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരം. എതിര്‍ വോട്ടുകളില്ലാതെയാണ് നോണ്‍ ബൈന്‍ഡിംഗ് പ്രമേയത്തിന് സഭ അംഗീകാരം നല്‍കിയത്. റദ്ദാക്കിയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ ഹെല്‍ത്ത് സര്‍വീസിന് ഫണ്ടുകള്‍ കൂടുതലായി അനുവദിക്കുന്നത് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. 55,000 ശസ്ത്രക്രിയകളാണ് വിന്റര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി മാറ്റിവെച്ചത്.

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും ഒന്നിലേറെത്തവണ രോഗികളോട് ഖേദപ്രകടനം നടത്തേണ്ടി വന്നിരുന്നു. ലേബര്‍ നീക്കത്തില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വിപ്പ് നല്‍കിയിരുന്നെങ്കിലും പ്രമേയം പാസാകുകയായിരുന്നു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയമായതിനാല്‍ ഇതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയില്ല. എങ്കിലും സര്‍ക്കാരിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്ന സംഭവമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഈ പ്രമേയം പാസായതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കോമണ്‍സില്‍ അറിയിക്കാനുളള സമ്മര്‍ദ്ദവും ഹണ്ടിനു മേല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വിന്റര്‍ ക്രൈസിസ് പ്രവചിക്കാനോ തടയാനോ കഴിയില്ലെന്ന കണ്‍സര്‍വേറ്റീവ് വാദത്തെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് ചര്‍ച്ചയില്‍ വിമര്‍ശിച്ചു. വിന്റര്‍ ക്രൈസിസ് ഈ സമയത്തിന്റെ മാത്രം പ്രത്യേകതയല്ല. വര്‍ഷം മുഴുവന്‍ നീളുന്ന ഫണ്ടിംഗ് പ്രതിസന്ധിയുടെയും സോഷ്യല്‍ കെയര്‍ പ്രതിസന്ധിയുടെയും ആരോഗ്യ അസമത്വത്തിന്റെയും ജീവനക്കാരുടെ ക്ഷാമത്തിന്റെയും ആകെത്തുകയാണെന്നും സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ഇതിന് ഉത്തരവാദികളെന്നും ആഷ്‌വര്‍ത്ത് ആരോപിച്ചു.

ജെറമി ഹണ്ട് ഇപ്പോഴും അധികാരത്തില്‍ തുടരുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഹണ്ടിനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിക്കു പോലും ആരോഗ്യ സെക്രട്ടറിക്കു മേല്‍ വിശ്വാസമില്ലെന്നാണ് കരുതാനാകുന്നതെന്നും കോമണ്‍സ് പ്രസംഗത്തില്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles