ഡയബെറ്റിസ് ചികിത്സയ്ക്കായി എന്‍എച്ച്എസ് ചെലവഴിക്കുന്നത് 12 ബില്യണ്‍ പൗണ്ട്; രോഗികള്‍ ഭക്ഷണനിയന്ത്രണം പാലിച്ചാല്‍ ബില്ലുകളില്‍ വലിയ വ്യത്യാസം വരുത്താന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍

by News Desk 5 | April 16, 2018 5:43 am

നിലവില്‍ ബില്യണ്‍ കണക്കിന് പൗണ്ട് ചെലവഴിച്ചാണ് എന്‍എച്ച്എസ് ഡയബെറ്റിക് ചികിത്സ നടത്തുന്നത്. രോഗികളുടെയും അല്ലാത്തവരുടെയും ഭക്ഷണക്രമത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ ഇത്രയും തുക ചെലവഴിക്കാതെ തന്നെ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 4 മില്യണ്‍ ജനങ്ങള്‍ പ്രമേഹവും അനുബന്ധ രോഗങ്ങളാലും ബുദ്ധിമുട്ടുന്നുണ്ട്. അന്ധതയ്ക്കും അവയവങ്ങള്‍ മുറിച്ചു മാറ്റുന്നതിനും മരണത്തിനും വരെ കാരണമായേക്കാവുന്ന അപകടരമായ രോഗമാണ് പ്രമേഹം. തടി കുറയ്ക്കാന്‍ പരിശ്രമിക്കുന്നതിലൂടെയും കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെയും രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്‍എച്ച്എസ് ഇതില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നു.

രോഗത്തോട് തെറ്റായ സമീപനമാണ് എന്‍എച്ച്എസ് സ്വീകിരിച്ചിരിക്കുന്നതെന്ന് ലണ്ടനിലെ ബാര്‍ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ഡോക്ടറായ തഹ്‌സീന്‍ ചൗധരി പറയുന്നു. ഭേദമാക്കാന്‍ പറ്റാത്ത രോഗമാണിതെന്ന ചിന്തയോടെ പ്രമേഹത്തെ സമീപിക്കുന്നത് നിര്‍ത്തലാക്കിയാല്‍ തന്നെ ഇക്കാര്യത്തില്‍ പുരോഗമനം ഉണ്ടാകും. ചികിത്സിച്ച് ഭേദമാക്കാല്‍ പറ്റുന്ന രോഗമെന്ന രീതിയിലാണ് പ്രമേഹത്തെ സമീപിക്കേണ്ടത്. രോഗം തിരിച്ചറിയുന്ന ഘട്ടത്തില്‍ തന്നെ ഭക്ഷണക്രമത്തില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ശരീരഭാരം കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അത്തരം നിര്‍ദേശങ്ങള്‍ രോഗികള്‍ക്ക് നല്‍കേണ്ടതുണ്ട് ചൗധരി പറഞ്ഞു. പ്രമേഹം സംബന്ധിച്ചുള്ള കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞാല്‍ രോഗനിയന്ത്രണം എളുപ്പം സാധ്യമാകും.

ഷുഗറി ഡ്രിങ്കുകളില്‍ നിയന്ത്രണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഷുഗര്‍ ടാക്‌സ് സ്വാഗതാര്‍ഹമായ നടപടിയാണെന്ന് ചൗധരി വ്യക്തമാക്കി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ക്ലിനിക്കല്‍ മെഡിസിന്‍ ജേണലിലാണ് ചൗധരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന പ്രമേഹ രോഗത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ചൗധരി പറയുന്നു. പ്രമേഹ രോഗികളായ ചിലരുടെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റം രോഗനിയന്ത്രണത്തിന് സഹായകമായിട്ടുണ്ടെന്ന് 2017ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ മാറ്റം കൊണ്ടുവന്ന പകുതിയോളം പേര്‍ക്കും രോഗശമനം ഉണ്ടായതായി പഠനത്തില്‍ പറയുന്നു.

Source URL: http://malayalamuk.com/nhss-12-billion-type-2-diabetes-bill-could-be-slashed-if-fat-people-ate-less/