സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് ചെലവില്‍ നടക്കുന്ന ചികിത്സ നഷ്ടം. ഏതാണ്ട് 1.6 മില്ല്യണ്‍ ആളുകളാണ് യുകെയില്‍ പ്രൈവറ്റ് ആശുപത്രികളില്‍ സര്‍ജറിക്കായി എത്തിച്ചേരുന്നത്. ഇതില്‍ പകുതിയോളം വരുന്ന രോഗികളുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് എന്‍എച്ച്എസ് നേരിട്ടാണ്. ഇത്തരത്തില്‍ പ്രൈവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാന്‍ എന്‍എച്ച്എസ് അയക്കുന്ന രോഗികള്‍ക്ക് ജാക്ക്‌പോട്ട് അടിച്ച പ്രതീതിയാണ്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യത്തിലുള്ള ആശുപത്രിയിലേക്ക് മാറാന്‍ ഇത് രോഗികളെ സഹായിക്കുന്നു. കൂടുതല്‍ പണം നല്‍കി മികച്ച ചികിത്സ ലഭ്യമാക്കാമെന്നത് നിലനില്‍ക്കുമ്പോള്‍ തന്നെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ എല്ലാ സമയത്തും കൃത്യതയോടെ നടക്കുന്നില്ലെന്നതാണ് വാസ്തവം. എന്‍എച്ച്എസ് ആശുപത്രികളില്‍ പോലെ വിദഗ്ദ്ധരായ സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ പല സ്വകാര്യ ആശുപത്രികളിലും ലഭ്യമല്ല.

ആശുപത്രിയില്‍ വെച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ സമീപത്തുള്ള എന്‍എച്ച്എസ് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ എത്തിക്കുകയാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് എന്‍എച്ച്എസില്‍ ചികത്സയ്ക്കായി അഡ്മിറ്റ് ചെയ്ത 100ലേറെ രോഗികള്‍ മരണപ്പെട്ടതായി കഴിഞ്ഞ ഒക്ടോബറില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസര്‍ കോളിന്‍ ലെയ്‌സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കെയര്‍ ക്യാളിറ്റി കമ്മീഷന്‍ 177 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തിന്റേയും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷനിലൂടെ എന്‍എച്ച്എസില്‍ നിന്ന് ലഭ്യമായ വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് എഴുതുയിരിക്കുന്നത്.

പ്രൊഫസര്‍ കോളിന്‍ ലെയ്‌സിന്റെ റിപ്പോര്‍ട്ടിന് സമാനമായ കണക്ക് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ടിരുന്നു. വര്‍ഷത്തില്‍ 6,000 രോഗികളെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ അപാകതമൂലം എന്‍എച്ച്എസുകളില്‍ നിന്ന് മാറ്റിയിരുന്നതായും ഇതില്‍ 2,500 പേരുടെ നില അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ രോഗികളുടെ ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ നൂറ് മില്ല്യണ്‍ പൗണ്ടിലധികം നഷ്ടം ഇത് എന്‍എച്ച്എസ്സിന് ഉണ്ടാക്കുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളിലും സര്‍ജറിക്ക് ശേഷമുള്ള പരിചരണത്തിന് ഒരു ജൂനിയര്‍ ഡോക്ടര്‍മാരുടെ സഹായം മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.