തിരഞ്ഞെടുപ്പു വാഗ്ദ്ധാനങ്ങല്‍ പാലിക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വ്യാജ പ്രചരണങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കിയാണ് ബി ജെ പി ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയത് എന്ന തുറന്നുപറച്ചില്‍ സര്‍ക്കാറിനെയാകെ വലക്കുകയാണ്.

ഒരു ചാനല്‍ റിയാലിറ്റി ഷോയ്ക്കിടയില്‍ മന്ത്രി നടത്തിയ പരമര്‍ശങ്ങളാണ് ഗവണ്‍മെന്റിനെ പുലിവാലു പിടിപ്പിച്ചത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണമായി ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കാന്‍ ഉപദേശം ലഭിച്ചത്. അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കണ്ടല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദ്ധാനങ്ങള്‍ ജനങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം ചിരിച്ച് തള്ളി മുന്നോട്ട് പോകാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയൂ.

ബി ജെ പി നേതാക്കള്‍ ഇപ്പോഴെങ്കിലും സത്യം തുറന്നുപറയാന്‍ തയ്യാറായല്ലോ എന്നായിരുന്നു വീഡിയോ പങ്കു വച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചത്.വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വ്യാജ വാഗ്ദ്ധാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലെത്തിയതെന്ന കോണ്‍ഗ്രസിന്റെ വാദം കേന്ദ്രമന്ത്രി അംഗീകരിക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. ഗഡ്കരി പറഞ്ഞത് ശരി തന്നെയാണ്. രാജ്യത്തെ ജനങ്ങളും ഇപ്പോള്‍ ഇത് തന്നെയാണ് പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന് പറഞ്ഞ ഗഡ്കരി നേരത്തെയും കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. റിസര്‍വേഷന്‍ ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം നടന്നപ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.