ന്യൂസ് ഡെസ്ക്

നൈജൽ ഫരാജിന്റെ ബ്രെക്സിറ്റ് പാർട്ടി ആദ്യ ഇലക്ഷനിൽ തന്നെ വെന്നിക്കൊടി പാറിച്ചു. യുറോപ്യൻ പാർലമെന്റിലേക്ക് മെയ് 23 നടന്ന ഇലക്ഷനിൽ യുകെയിൽ തകർപ്പൻ വിജയമാണ് പാർട്ടി കരസ്ഥമാക്കിയത്. യുകെയിൽ നിന്നുള്ള 73 എം.ഇ.പി സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് പാർട്ടി 29 സീറ്റുകൾ നേടി. ലിബറൽ ഡെമോക്രാറ്റുകൾ 16 സീറ്റുകൾ നേടിയപ്പോൾ ലേബറിന് 10 എണ്ണമാണ് ലഭിച്ചത്. 7 സീറ്റ് നേടിയ ഗ്രീൻ പാർട്ടിയ്ക്കും പിന്നിലായി കൺസർവേറ്റീവ് 5 സീറ്റോടെ ഇലക്ഷനിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.

ബ്രെക്സിറ്റ് ക്രൈസിസിൽ പെട്ടു നട്ടം തിരിയുന്ന ഭരണപക്ഷമായ കൺസർവേറ്റീവിന്റെ 1832 നു ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു യൂറോപ്യൻ ഇലക്ഷനിൽ കണ്ടത്. 9.1 ശതമാനം വോട്ടാണ് കൺസർവേറ്റീവ് നേടിയത്. ബ്രെക്സിറ്റ് പാർട്ടി 31.6 ശതമാനം വോട്ട് കരസ്ഥമാക്കി. ലിബറൽ ഡെമോക്രാറ്റുകൾക്ക് 20.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ ലേബറിന് 14.1 ശതമാനമാണ്.

യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ യുകെയിൽ 37 ശതമാനമായിരുന്നു വോട്ടിംഗ്. ബ്രെക്സിറ്റ് ഹാലോവീനുമുമ്പ് നടപ്പാക്കിയില്ലെങ്കിൽ വരുന്ന ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവിനെ നിലംപരിശാക്കുമെന്ന് ബ്രെക്സിറ്റ് പാർട്ടി ലീഡർ നൈജൽ ഫരാജ് മുന്നറിയിപ്പ് നല്കി. ആറാഴ്ച്ച മുമ്പാണ് നൈജൽ ഫരാജ് ബ്രെക്സിറ്റ് പാർട്ടി രൂപീകരിച്ചത്.