നിപ്പ വൈറസ് ബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. റിബ വൈറിനെന്ന രണ്ടായിരം ഗുളികയാണ് എത്തിയത്. എണ്ണായിരം ഗുളികള്‍ നാളെ എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അതിനിടെ വൈറസ് ബാധയെ തുടര്‍ന്നാണ് 11 പേര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു.

രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 22 പേരാണ് രോഗലക്ഷണങ്ങളോടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചികില്‍സയിലുള്ളത്. നാളെ എണ്ണായിരം ഗുളികള്‍ കൂടി എത്തുന്നതോടെ പ്രതിരോധം കൂടുതല്‍ ഈര്‍ജിതമാകും. ഡോസ് കൂടിയാല്‍ ദൂഷ്യഫലങ്ങളുണ്ടാക്കുന്നതാണ് മരുന്നെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

മരിച്ച പതിമൂന്ന് പേരില്‍ പതിനൊന്ന് പേര്‍ക്കും നിപ്പ വൈറസ്ബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരികരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. മലപ്പുറം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്കെല്ലാം വൈറസ്ബാധയുണ്ടായത് കോഴിക്കോട് നിന്നാണെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

സമാനരോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുറക്കല്‍ സ്വദേശിയായ മുപ്പതുകാരനാണ് ചികില്‍സയിലുളളത്. ഇയാളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് ഇന്‍സറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറത്തുകാരായ മൂന്നു പേരുടെ ബന്ധുക്കളും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്.

ഇവര്‍ക്കും രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കും സഹായമെത്തിക്കാന്‍ ഇരുപതംഗ ദുരന്തനിവാരണസേന ജില്ലയിലെത്തി. അപ്രതീക്ഷമായി എത്തിയ നിപ്പ വൈറസ് ആക്രമണം കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.

നിപ്പ വൈറസ് ബാധയേക്കുറിച്ച് ആശങ്ക വേണ്ടെന്ന് ജസ്റ്റീസ് ഗവര്‍ണര്‍ പി സദാശിവം. കിംവദന്തികളില്‍ വീഴരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടേയും കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധരുടേയും കാര്യക്ഷമതയില്‍ വിശ്വാസമര്‍പ്പിക്കാനും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ നഴ്സുമാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം പുറത്തിറക്കി. കേരളത്തിലേയ്ക്ക് അവധിക്ക് പോയിട്ടുള്ള നഴ്സുമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. സൈന്യവും ജാഗ്രത നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. നിപ്പ വൈറസ് ബാധ തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എല്ലാ യൂണിറ്റുകളോടും സൈന്യം നിര്‍േദശിച്ചിട്ടുണ്ട്.