കോഴിക്കോട്: നിപ്പ വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി സംശയം. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ചവരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം രോഗം കേരളത്തിലെത്തിയതിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.

പാലാഴിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്ന എബിന്‍ എന്ന യുവാവിനെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ നിപ്പ വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലുമായി ഇവര്‍ പ്രവര്‍ത്തിക്കും.

ഇതുവരെ നിപ്പ ബാധിച്ചതായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത് 18 പേരിലാണ്. ഇതില്‍ 17പേരും കോഴിക്കോട് സ്വദേശികളാണ്. വൈറസ് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. രോഗബാധയേറ്റ് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ശൈലജ വ്യക്താമാക്കിയിട്ടുണ്ട്.

വിഷയത്തില്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സൈബര്‍സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.