കോഴിക്കോട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നിപ്പ വൈറസ് ബാധയ്ക്ക് മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. നിപ്പയ്ക്ക് മരുന്നു കണ്ടുപിടിച്ചതായി ഹോമിയോ ഡോക്ടര്‍മാര്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

അതേസമയം ഡോക്ടര്‍മാരുടെ അവകാശവാദം ആരോഗ്യവകുപ്പ് തള്ളി. മരുന്ന് കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മരുന്നിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ അവ വിതരണം ചെയ്യാന്‍ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോമിയോ ഡോക്ടര്‍മാരുടെ സംസ്ഥാനഘടകമാണ് നിപ്പ വൈറസിന് പ്രതിരോധ മരുന്നുണ്ട് എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ മറ്റു ഏജന്‍സികളൊന്നും ഇക്കാര്യം സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഹോമിയോപ്പതിയില്‍ നിപ്പയ്ക്ക് മരുന്നുള്ളതായി നേരത്തെ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ വളരെ കൃത്യമായി പാലിക്കണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.