പരിശോധനയ്ക്കിടെ മുസ്ലീം സ്ത്രീയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ട ജിപിക്ക് ജോലി നഷ്ടമായേക്കും. ഡോ.കെയ്ത്ത് വൂള്‍വര്‍സണ്‍ എന്ന 52കാരനായ ഡോക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കുട്ടിയുമായി ആശുപത്രിയിലെത്തിയ സ്ത്രീ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് താന്‍ നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും അപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ മുഖാവരണം മാറ്റിയ സ്ത്രീ ഒരു മണിക്കൂറിനു ശേഷം അവരുടെ ഭര്‍ത്താവ് എത്തിയപ്പോളാണ് ആശുപത്രി അധികൃതരുടെ അടുത്ത് പരാതിയുമായി എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവം. ഡോ.വൂള്‍വര്‍സണ്‍ വിവേചനമാണ് കാട്ടിയതെന്ന് ആരോപിച്ച് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലും ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്.

താന്‍ തന്റെ ജോലി ശരിയായി ചെയ്യുക മാത്രമായിരുന്നുവെന്നും തനിക്കെതിരെ അനീതിയാണ് നടക്കുന്നതെന്നും ഡോ.വൂള്‍വര്‍സണ്‍ പറഞ്ഞു. മുഖാവരണം ധരിച്ചിരിക്കുന്നതിനാല്‍ ആ സ്ത്രീ പറഞ്ഞതെന്താണെന്ന് വ്യക്തമായി കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ വളരെ വിനീതമായാണ് മുഖാവരണം മാറ്റുമോ എന്ന് ചോദിച്ചത്. അവരുടെ മകള്‍ക്ക് എന്ത് അസുഖമാണെന്ന് വ്യക്തമായി കേള്‍ക്കാനും അതിനുള്ള ചികിത്സ നല്‍കാനും മാത്രമാണ് ഇപ്രകാരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വംശീയവാദിയല്ല, ഈ വിഷയത്തില്‍ വംശീയതയോ മതമോ ത്വക്കിന്റെ നിറമോ ഉള്‍പ്പെടുന്നുമില്ല, ആശയവിനിമയത്തിലെ വ്യക്തത മാത്രമാണ് ഇതിലെ പ്രശ്‌നമെന്ന് ഡോക്ടര്‍ പറഞ്ഞു.

മുമ്പും മുസ്ലീം രോഗികളെ താന്‍ ചികിത്സിച്ചിട്ടുണ്ട്. മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. മിക്കയാളുകളും മുറിയില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ അവ മാറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പ് ഒരിക്കല്‍ പോലും താന്‍ വിലക്ക് നേരിട്ടിട്ടില്ല. ഇപ്പോള്‍ ജോലിയില്‍ നിന്ന് പുറത്തു പോകുന്ന അവസ്ഥയിലാണ്. ഇത് തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോക്ടര്‍ നിര്‍ബന്ധിച്ചിട്ടാണ് താന്‍ മുഖാവരണം മാറ്റിയതെന്നാണ് സ്ത്രീ മൊഴി നല്‍കിയത്. അപ്രകാരം ചെയ്തില്ലെങ്കില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തില്ലെന്ന് പറഞ്ഞുവെന്നും ഡോക്ടര്‍ വളരെ പരുക്കനായാണ് പെരുമാറിയതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ പരാതി ജിഎംസിക്ക് കൈമാറി.