ഡൽ‌ഹി നിർഭയ കൂട്ട ബലാത്സംഗ കേസിലെ രണ്ട് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികളിൽ ഒരാൾ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. നാല് പ്രതികളിൽ ഒരാളായ മുകേഷ് സിങാണ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചത്. വധ ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് ദയാഹർജിയിലെ ആവശ്യം.

ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാൻ മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളിലുൾപ്പെട്ട വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരായിരുന്നു തിരുത്തൽ ഹരജിയുമായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി രാവിലെ തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാ ഹർജി സമർപ്പിച്ചത്. ഇതോടെ മുൻ നിശ്ചയിച്ച ദിവസം വധശിക്ഷ നടപ്പാക്കാനാവില്ലെന്നാണ് വിലയിരുത്തൽ.

രാഷ്ട്രപതിയുടെ തീരുമാനം പ്രതികൾക്ക് പ്രതികൂലമായാൽപ്പോലും 22ന് വധശിക്ഷ നടപ്പാക്കാൻ സാധ്യതയില്ല. സുപ്രീംകോടതിയുടെ നിർ‌ദ്ദേശപ്രകാരം ദയാവധത്തിനുള്ള അപേക്ഷ തള്ളിയാലും 14 ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാനാകൂ എന്നതാണ് വിധി നടപ്പാക്കുന്നതിൽ തിരിച്ചടിയാവുന്നത്.

വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിൽ പ്രതികൾക്കു മുന്നിൽ ബാക്കിയുള്ള രണ്ട് മാർഗങ്ങളിലൊന്നായിരുന്നു തിരുത്തൽ ഹരജി രാഷ്ട്രപതിയുടെ ദയാഹരജിയും. ഇതിൽ അവസാന സാധ്യതുയും തേടുകയാണ് ദയാഹർജി സമർപ്പിക്കുന്നതിലൂടെ പ്രതികൾ.

അതിനിടെ, നിര്‍ഭയാ കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങളുടെ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി നാലുപ്രതികളുടെയും ഡമ്മികള്‍ തൂക്കിലേറ്റി. ആരാച്ചാര്‍ക്ക് പകരം ജയില്‍ ഉദ്യോഗസ്ഥനാണ് ഡമ്മികള്‍ തൂക്കിലേറ്റിയത്. ആദ്യമായാണ് തീഹാര്‍ ജയിലില്‍ ഒരേസമയം നാലുപ്രതികളെ തൂക്കിലേറ്റുന്നെന്ന പ്രത്യേകതയും കേസിനുണ്ട്.

ഒരേസമയം രണ്ട് പേരെ മാത്രമാണ് തൂക്കിലേറ്റാനുള്ള സൗകര്യമായിരുന്നു ഈ ജയിലിലുണ്ടായിരുന്നത്. പുതിയതായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ആരാച്ചാര്‍മാരായിരിക്കും ശിക്ഷ നടപ്പാക്കാന്‍ ഉണ്ടാകുകയെന്നാണ് വിവരം.