നിഷ ജോസ് കെ മാണി

അച്ചാച്ചനും അമ്മയ്ക്കും ഒപ്പം

അച്ചാച്ചനുമായിട്ടുള്ള ഓണം എന്നും മനോഹര സ്മരണകൾ നിറഞ്ഞതായിരുന്നു .അതുകൊണ്ടു തന്നെ അച്ചാച്ചൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ആദ്യ ഓണത്തിന് ആ ഓർമകളുടെ ഒക്കെ വേലിയേറ്റം എൻെറ മനസ്സിലുണ്ട്. വിവാഹത്തിന് മുൻപുള്ള ഓണത്തിന് അവധിക്കാലം എന്നതിനപ്പുറമുള്ള ഓർമ്മകളൊന്നും എൻെറ മനസിലില്ല. എല്ലാവരും കൂടി അവധിക്കാലത്തു വരുന്നു അത്രയൊക്കയേ ഉള്ളൂ. പക്ഷെ കല്യാണം കഴിഞ്ഞുള്ള ഓരോ ഓണവും അച്ചാച്ചൻറെ സ്നേഹത്തിൻെറയും വാത്‌സല്യത്തിൻെറയും ഓർമകളാണ് ഞങ്ങളുടെ മനസ്സിൽ. ഓരോ ഓണവും അച്ചാച്ചൻ ഞങ്ങൾ കുടുംബാംഗങ്ങൾക്കു വേണ്ടി സ്‌പെഷ്യൽ ആക്കുമായിരുന്നു. എവിടെയെങ്കിലും ഞങ്ങൾ എല്ലാവരും കൂടി പോകുമായിരുന്നു .ഇനി ഒരിടത്തും പോയില്ലെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചായിരിക്കും. ഏല്ലാവരുംകൂടി ഓണസദ്യ ഉണ്ട് .എൻെറ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഓണസദ്യ കഴിഞ്ഞാൽ അച്ചാച്ചനും ജോയും കുട്ടികളും എല്ലാവരുംകൂടി ഇരുന്ന് കുറേനേരം വർത്തമാനം പറയും അമ്മയും കാണും…..അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് …….. എവിടെയാണെങ്കിലും …

ഒരു പഴയകാല ഓർമ ചിത്രം

ഒരു ജൂണിലാണ് ഹെയർ ഫോർ ഹോപ് ഇന്ത്യാ ക്യാംപയിൻെറ ഭാഗമായി ക്യാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനായി എൻെറ തലമുടി ഞാൻ നൽകിയത് . തലമുടി മുറിച്ചു കഴിഞ്ഞും ക്ലാസൊക്കെ എടുക്കുവാൻ ഞാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് ആഗസ്റ്റ് സെപ്റ്റംബർ ആയപ്പോൾ ഓണക്കാലം വന്നത്. അപ്പോൾ എൻെറ തലമുടി ഒട്ടും വളർന്നിട്ടില്ല ചെറിയ തലമുടി അങ്ങനെ ആണുങ്ങളുടെ തലമുടി പോലെ ….ശരിക്കും അത്രയും പോലും ആയിട്ടില്ലായിരുന്നു. എനിക്കാണേൽ കേരളസാരി ഒക്കെ ഉടുക്കുമ്പോൾ മുല്ലപൂ ചൂടാൻ വലിയ ഇഷ്ടവുമാണ്. എല്ലാവർക്കും അങ്ങനെ ആയിരിക്കുമല്ലോ . എനിക്ക് ഭയങ്കര സങ്കടമായി കാരണം മുല്ലപൂ കുത്താനിയിട്ട് തലമുടി ഇല്ല . അതുപോലെ തന്നെ അച്ചാച്ചൻ ഞങ്ങൾ എല്ലാവരുമായി ഓണം സെലിബ്രേറ്റ് ചെയ്യാൻ ആലോചിക്കുകയും ചെയ്തു. പക്ഷെ എനിക്കൊരു ധൈര്യം ഇല്ലായിരുന്നു. ക്ലാസെടുക്കാൻ പോവുമ്പോൾ തലമുടി ഇല്ലേലും കുഴപ്പമില്ലായിരുന്നു .പക്ഷെ അച്ചാച്ചനും എല്ലാവരുമായി ഓണം ആഘോഷിക്കാൻ …..

അന്ന് ഓണത്തിന് എല്ലാവരും ഒരുങ്ങി കേരളം സാരി ഒക്കെ ഉടുത്തപ്പോൾ ഞാൻ മാത്രം വിഷമിച്ചിരിക്കുകയായിരുന്നു . തലമുടി മുറിച്ചതിൽ പിന്നെ ഞാൻ അച്ചാച്ചനെയോ ആരെയോ കണ്ടിട്ടില്ലാ . അങ്ങനെ ഞങ്ങൾ എല്ലാവരും തിരുവന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിക്കാനായി എത്തി . തലമുടി ഇല്ലാത്ത എന്നെ കണ്ടപ്പോൾ അച്ചാച്ചൻെറ മുഖത്ത് ഇത്തിരി വിഷമം ഉണ്ടായിരുന്നു . പക്ഷെ പുറമെ കാണിക്കാതെ ചിരിച്ചുകൊണ്ട് അച്ചാച്ചൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു . ആ ചിരിയിലും അച്ചാച്ചൻെറ വിഷമം എനിക്കു കാണാമായിരുന്നു . പക്ഷെ ആ സമയം അച്ചാച്ചൻ എന്നോടു പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിൻെറ വലിയ മനസ്സിൻെറ ധൃഷ്ട്ടാന്തമായിരുന്നു . അച്ചാച്ചൻ പറഞ്ഞു മോളേ  “യു ആർ ദ മോസ്റ്റ് ബ്യൂട്ടിഫുൾ പേഴ്സൺ ഇൻ ദ വേൾഡ്.  നമ്മൾ നോക്കുന്ന ബ്യൂട്ടി എന്നു പറയുന്നത് ഒന്നും പുറമേ ഉള്ള ബ്യൂട്ടി അല്ല ബട്ട് ദ തിങ്ക്സ് ദാറ്റ് വി ഡു . . ഐ ആസ് യുവർ ഫാദർ ഇൻ ലോ റിയലി അപ്പ്രീഷിയേറ്റ് ദി ഫാക്ട് ദാറ്റ് യു ഹാവ് റിയലി ടൺ സംതിങ് ഗ്രെയ്റ്റ് …”. അച്ചാച്ചന്റെ വാക്കുകൾ എനിക്ക് പകർന്നു നൽകിയ സന്തോഷവും അഭിമാനവും വളരെ ഏറെയായിരുന്നു .

അച്ചാച്ചനും കുടുബാംഗങ്ങളും

അതിനുശേഷം അന്ന് തന്നെ എൻെറ മനസിനു വളരെ സന്തോഷം തന്ന് ഇരട്ടി മധുരം പോലെ ഞാൻ മുടി കൊടുത്ത ആൾ എന്നെ വിളിച്ചു, നന്ദി പറയാനും ഓണം ആശംസിക്കാനും. അത്രയും നാളുകൾക്കു ശേഷം അന്നാണവർ എന്നെ വിളിക്കുന്നത് . അവർ പറഞ്ഞു ചേച്ചി ഞാൻ ഇങ്ങനെ കീമോ ഒക്കെ കഴിഞ്ഞ് എന്തു ചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ചേച്ചി എനിക്കു മുടി തന്നത്. ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കു തോന്നി ഇതാണ് എൻെറ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമെന്ന്. അച്ചാച്ചൻ തന്ന ആ മെസേജുകളും ആ കുട്ടിയുടെ ഓണാശംസകളും കൂടി ആയപ്പോൾ ആ ഓണം എൻെറ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു ….

മലയാളം യുകെ യുടെ എല്ലാ വായനക്കാർക്കും സന്തോഷത്തിൻെറയും , സംതൃപ്തിയുടെയും , സഹോദര്യത്തിൻെറയും ഓണാശംസകൾ .

നിഷ  ജോസ് കെ മാണി