കെ എം മാണി അന്തരിച്ച ഒഴിവില്‍ പാലായില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോസ് ടോം. മീനച്ചില്‍ പഞ്ചായത്ത് സമിതി മുന്‍ അംഗവുമാണ്. ഏഴംഗ സമിതിയാണ് ജോസ് ടോമിന്റെ പേര് നിര്‍ദ്ദേശിച്ചത്.

ദിവസങ്ങളായി മുന്നണിക്കുള്ളില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമായത്. നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അവസാന നിമിഷം വരെ പ്രചരിച്ചിരുന്നതെങ്കിലും നിഷയോ മാണി കുടുംബത്തിലെ ആരെങ്കിലും തന്നെയോ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ഇന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിരുന്നു. നിഷയ്ക്ക് ജയസാധ്യതയില്ലെന്ന് പി ജെ ജോസഫും തുറന്നടിച്ചിരുന്നു. പാലായില്‍ നിന്നുള്ള ഒരു നേതാവാണ് സ്ഥാനാര്‍ത്ഥിയെന്ന് തോമസ് ചാഴിക്കാടന്‍ എംപിയും വൈകുന്നേരം വ്യക്തമാക്കി.

അതേസമയം ഇന്ന് വൈകിട്ട് ആറ് മണിയോടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിട്ടും ഇതുവരെയും തീരുമാനം പുറത്തു വിട്ടിട്ടില്ല. അല്‍പ്പസമയത്തിനകം തന്നെ യുഡിഎഫ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ജോസ് ടോമിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ജോസ് കെ മാണിയുടെ ആവശ്യപ്രകാരമാണ് മാണി കുടുംബത്തില്‍ നിന്നും ആരെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തതെന്നും തോമസ് ചാഴിക്കാടന്‍ ചൂണ്ടിക്കാട്ടി. പാലാ സീറ്റും ചിഹ്നവും കിട്ടിയേ തീരൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. ചിഹ്നം വിട്ടുതരാന്‍ പി ജെ ജോസഫ് തയ്യാറായില്ലെങ്കില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ മടിയില്ലെന്ന് ജോസ് കെ മാണി അന്ത്യശാസനം നല്‍കിയിരുന്നു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ഇന്ന് വൈകിട്ട് കോട്ടയത്ത് യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

നിഷാ ജോസ് കെ മാണി മത്സരിക്കുന്നതിനോടാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും താല്‍പര്യമെന്നാണ് ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനമെന്നാണ് പി ജെ ജോസഫ് അഭിപ്രായപ്പെട്ടത്.