ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 1

ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യു കെയിലേയ്ക്കായിരുന്നു. യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന തീരുമാനം യു കെയ്ക്കും ലോകത്തിനും ഒരു പോലെ പ്രധാനപ്പെട്ടതായിരുന്നു. കാത്തിരുന്ന ആ വിധി വന്നപ്പോൾ “ബ്രെക്സിറ്റ് ” യഥാർത്ഥ്യമായി. ജനഹിതപരിശോധനയിൽ ബ്രിട്ടൺ പുറത്തേയ്ക്കുള്ള വഴി തിരഞ്ഞെടുത്തപ്പോൾ ഇനി വരുന്ന ഏതാനും ആഴ്ചകളെങ്കിലും ഈ തീരുമാനത്തിന്റെ ഗുണദോഷവശങ്ങൾ കൂട്ടിക്കിഴിക്കുമെന്നു തീർച്ച.

ഈ ജനഹിതപരിശോധന പോലെ അത്ര പ്രധാനപ്പെട്ടതല്ല എങ്കിലും ചെറിയ ചെറിയ പല തെരെഞ്ഞെടുപ്പുകളും നമ്മളും ഓരോ ദിവസവും ജീവിതത്തിൽ നടത്താറുണ്ട്.
ദൈനംദിന ഉപയോഗ വസ്തുക്കളുടെ ഷോപ്പിംഗ് ലിസ്റ്റിൽ തുടങ്ങി ചിന്തയിലും സംസാരത്തിലും പ്രവർത്തനങ്ങളിലുമായി ധാരാളം തീരുമാനങ്ങളും തെരഞ്ഞെടുപ്പുകളും നടത്തിയേ തീരൂ. ഓരോ തീരുമാനത്തിനും തെരഞ്ഞെടുപ്പിനും മുമ്പ് ഓർക്കേണ്ടത് ഒന്നു മാത്രം. എടുത്ത തീരുമാനം തെറ്റിപ്പോയി എന്ന് പരിതപിക്കാനിടയാകരുത്.

യു കെയിൽ ഈ സമ്മർ കാലം തിരുന്നാളുകളുടേയും ആഘോഷങ്ങളുടേയും ഒത്തുചേരലുകളുടേയും മാസങ്ങൾ കൂടിയാണ്. ക്രൈസ്തവ വിശ്വാസം ഭാരതത്തിൽ കൊണ്ടുവന്ന മാർത്തോമാശ്ലീഹായുടേയും സഹനത്തിലും രോഗത്തിലും ദൈവത്തെ കണ്ടെത്തിയ വി. അൽഫോൻസാമ്മയുടെ ഓർമ്മ ഈ ജൂലൈ മാസത്തിൽ അനുസ്മരിക്കുന്നു. അവരും ജീവിതത്തിൽ ആത്യന്തികമായ ഒരു തിരഞ്ഞെടുപ്പ് നടത്തിയവരാണ്. ലോക സുഖങ്ങൾക്കുപകരം ദൈവത്തോടൊത്തുള്ള ജീവിതം തിരഞ്ഞെടുത്തവർ. ഒരിക്കലും പരിതപിക്കുകയോ നിരാശപ്പെടുകയോ ചെയ്യാത്ത തീരുമാനം എടുത്തവർ.

പാശ്ചാത്യ ലോകത്തിലും അന്യ സംസ്ക്കാരങ്ങളിലും ജീവിക്കുമ്പോഴും പിന്നീട് നിരാശപ്പെടേണ്ടി വരാത്ത നല്ല തീരുമാനങ്ങൾ ജീവിതത്തിലെടുക്കാൻ നമുക്ക് സാധിക്കട്ടെ. എല്ലാ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല ആഴ്ച ആശംസിക്കുന്നു.

സ്നേഹപൂര്‍വ്വം
ഫാ. ബിജു കുന്നയ്ക്കാട്ട്
ജൂലൈ 3 2016