റിപ്പബ്ലിക്ക് ടിവി എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായ അർണാബ് ഗോസ്വാമിയുടെ പേരിൽ ബിജെപിയുടെ വ്യാജപ്രചാരണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മോദി സ്തുതി കത്ത് തന്റെതല്ലെന്നും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തന്റെ പേരില്‍ കത്ത് ബിജെപി– സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അർണാബ് ഗോസ്വാമി വ്യക്തമാക്കി.

അഞ്ചിടത്തെ ജനവിധി മുന്‍നിര്‍ത്തി വീഴ്ച്ചകള്‍ പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍പോരാട്ടമായി വിശേഷിക്കപ്പെട്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന ബിജെപിക്കാര്‍ തന്നെ പ്രചരിപ്പിച്ചതാണ് ഈ മോദി സ്തുതിയെന്നും വ്യക്തമായി. മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രിയെ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും ദിവസം 16 മണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ടെങ്കിലും ചെറിയ കുറ്റങ്ങള്‍ക്ക് അദ്ദേഹത്തെ കുരിശിലേറ്റുന്നുവെന്നൊക്കെയാണ് കത്തിന്റെ ഉള്ളടക്കം.

2015 ൽ മുതൽ സമൂഹമാധ്യമങ്ങളിൽ കറങ്ങി കിടന്നിരുന്ന കത്താണ് സംഘപരിവാർ സൈബർ സംഘം ഗോസ്വാമിയുടെ പേരിൽ എഴുതിയത്. 2015ല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചരിപ്പിക്കപ്പെട്ട ഈ കുറിപ്പ് 2017ല്‍സ്ഥാപിക്കപ്പെട്ട റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി എഴുതിയത് എന്ന പേരിലാണ് പ്രചരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഈ കത്ത് വ്യാപകമായി സംഘരിവാര്‍സൈബര്‍സംഘം പ്രചരിപ്പിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.