ഫോൺകെണി; ചാനൽ സിഇഒയ്ക്കും റിപ്പോർട്ടർക്കും ജാമ്യമില്ല

ഫോൺകെണി; ചാനൽ സിഇഒയ്ക്കും റിപ്പോർട്ടർക്കും ജാമ്യമില്ല
April 12 09:49 2017 Print This Article

മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിയിൽ കലാശിച്ച ഫോൺകെണി വിവാദകേസിൽ സംഭാഷണം സംപ്രേഷണം ചെയ്ത ചാനലിന്‍റെ മേധാവിയടക്കം രണ്ട് പ്രതികള്‍ക്ക് ജാമ്യമില്ല. ചാനൽ സിഇഒ അജിത് കുമാർ, റിപ്പോ‍ർട്ടർ ജയചന്ദ്രൻ എന്നിവ‍ർക്ക് ജാമ്യം ലഭിച്ചില്ല. കേസിലെ മൂന്നും നാലും അ‍ഞ്ചും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.എഡിറ്റ് ചെയ്യാത്ത ഫോണ്‍ റെക്കോര്‍ഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. ഫോണ്‍ റെക്കോര്‍ഡ് കണ്ടെടുക്കാത്തത് കൊണ്ടാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത്.

സ്ത്രീയെ ഉപയോഗിച്ചു ഫോൺ സംഭാഷണം ചോർത്തിയെന്ന ആരോപണത്തിൽ സർക്കാർ നേരത്തേ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജുഡീഷ്യൽ അന്വേഷണം വൈകുമെന്നതിനാൽ പൊലീസ് അന്വേഷണമാണു വേണ്ടതെന്നു വനിതാ മാധ്യമ പ്രവർത്തകരും സാംസ്കാരിക നായകരും സ്വകാര്യ വ്യക്തികളും മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. തുടർന്നാണു കേസ് എടുത്ത് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഡിജിപി ലോക്നാഥ് ബെഹ്റയോടു നിർദേശിച്ചത്. ശ്രീജ തുളസി, മുജീബ് റഹ്മാൻ എന്നിവരുടെ പരാതികളിലാണു രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തത്. ആദ്യ പരാതിയിൽ ഏഴും രണ്ടാമത്തെ പരാതിയിൽ ഒൻപതും പ്രതികളുണ്ട്.

പരാതിയുമായെത്തിയ വീട്ടമ്മയെ ശശീന്ദ്രൻ പിന്നീടു ഫോണിൽ ബന്ധപ്പെട്ട് അശ്ലീല സംഭാഷണം നടത്തിയെന്നാണ് 26ന് ഈ ശബ്ദരേഖ പുറത്തുവിട്ടു ചാനൽ അവകാശപ്പെട്ടത്. തുടർന്ന് അന്നു വൈകിട്ടു ശശീന്ദ്രൻ രാജിവച്ചു. സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയർന്നതോടെ വ്യാഴാഴ്ച രാത്രി സിഇഒ ചാനലിലൂടെ ഖേദം പ്രകടിപ്പിച്ചു. ലൈംഗിക സംഭാഷണരേഖ ‘ഹണി ട്രാപ്പ്’ ആണെന്നും കുടുക്കിയതു ചാനൽ ലേഖികയാണെന്നും പരസ്യമായി സമ്മതിച്ചായിരുന്നു വാർത്തയ്ക്കിടയിൽ ഖേദപ്രകടനം. കെണി ഒരുക്കിയതു ചാനലിന്റെ അറിവോടെയാണെന്നും ഇനി ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്നും സിഇഒ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles