ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം.

ബ്രിട്ടൺ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കൗൺസിലർ ഡൊണാൾഡ് ടസ്‌കും തമ്മിൽ നടന്ന ചർച്ചയിൽ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന പുതിയ വഴിത്തിരിവുകൾ ഒന്നും തന്നെ ഇല്ലെന്ന് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെ സംബന്ധിച്ച് ഒരു കരാറിൽ ഏർപ്പെടാൻ ആയിരുന്നു ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. എന്നാൽ ചർച്ച ഫലപ്രദമായില്ലെന്നു ഡൊണാൾഡ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു കരാറിൽ ഏർപ്പെടാനുള്ള അവസരത്തെ പ്രധാനമന്ത്രി നിരാകരിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റിനെ സംബന്ധിച്ച ബ്രിട്ടന്റെ തീരുമാനങ്ങൾ അടങ്ങുന്ന കരട് രേഖയിൽ കസ്റ്റംസ് വിഷയങ്ങൾക്കും, മറ്റുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിൽ അയർലൻഡ്- ബ്രിട്ടൻ ബോർഡറിലെ ടാക്സിനെ സംബന്ധിക്കുന്ന ഒരു പരാമർശങ്ങളുമില്ല. ഇതിനാൽ കാര്യമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ല എന്നാണ് യൂറോപ്യൻ യൂണിയൻ വക്താവ് അറിയിച്ചത്.

ഇതിന് ശേഷം ജർമൻ ചാൻസലർ ആംഗല മെർക്കലിനേയും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ബോറിസ് ജോൺസൻ സന്ദർശിച്ചു. ബ്രിട്ടൻ – അയർലണ്ട് അതിർത്തിയിലെ വ്യാപാര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബുദ്ധിമുട്ടാണെന്ന് യൂറോപ്പ്യൻ യൂണിയന്റെ ബ്രക്സിറ്റ് നെഗോഷിയേറ്റർ മൈക്കൽ ബാർനിർ അറിയിച്ചു. യൂറോപ്യൻ യൂണിയൻ ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ ബ്രിട്ടൻ ഇതുവരെയും ഈ പ്രശ്നം സംബന്ധിക്കുന്ന ഒരു പരിഹാരം നിർദേശിച്ചിട്ടില്ല. ബ്രിട്ടന്റെ നിലവിലുള്ള സ്ഥിതിയിൽ, ഒരു കരാറിൽ ഏർപ്പെടാൻ സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കരാറോടുകൂടി യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്നതിനാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ അയർലണ്ട് അതിർത്തിയെ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബോറിസ് ജോൺസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂറോപ്പ്യൻ യൂണിയൻ വക്താക്കൾ ബോറിസ് ജോൺസന്റെ നിലപാടിൽ അതൃപ്തരാണ്.