ഡിസംബര്‍ 31നു കോവിഡ് 19 ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു മരണവും സംഭവിക്കാത്ത ഒരു ദിവസം ചൈന കടന്നു പോയി. ഇന്നലെ 32 കോവിഡ് കേസുകള്‍ രാജ്യത്തു സ്ഥിരീകരിച്ചു. എല്ലാ കേസുകളും വിദേശത്തു നിന്നും വന്നവരാണ്. ഇപ്പോള്‍ 81,740 പേരാണ് ചൈനയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. 3331 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ചൈന പുറത്തുവിടുന്നത് യഥാര്‍ത്ഥ കണക്കുകള്‍ അല്ലെന്ന് അമേരിക്കയടക്കം ആരോപിച്ചിരുന്നു.

സമൂഹ വ്യാപനം ഇല്ല എന്നു സ്ഥിരീകരിച്ചതോടെ ഹുബെയ് പ്രവിശ്യയില്‍ നിയന്ത്രണങ്ങള്‍ക്ക് കഴിഞ്ഞ മാസം തന്നെ ഇളവ് വരുത്തിയിരുന്നു. രോഗം ആഞ്ഞടിച്ച വുഹാനിലെ ഇളവുകള്‍ ഏപ്രില്‍ 8 മുതല്‍ നിലവില്‍ വരും.

ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്‍റന്‍സീവ്കെയര്‍ യൂണിറ്റിലേക്ക് മാറ്റി. ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലേക്ക് തിങ്കളാഴ്ച രാത്രി 7 മണിക്കാണ് ബോറിസ് ജോണ്‍സണെ മാറ്റിയത്. വെന്റിലേറ്റര്‍ സൌകര്യം ആവശ്യമായി വരാനുള്ള സാധ്യത കണക്കിലെടുത്താന് ഈ നടപടി എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കോവിഡ് 19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും നിരന്തരമായി രോഗ ലക്ഷണങ്ങള്‍ മാറാത്തതത്തിനെ തുടര്‍ന്ന് ജോണ്‍സണെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ടെസ്റ്റുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഡൌണിങ് സ്ട്രീറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം വിദേശകാര്യ മന്ത്രി ഡൊമിനിക്ക് റാബിന് കൈമാറി.അര ലക്ഷം പേര്‍ രോഗബാധിതരായ യു കെയില്‍ 5000ത്തിലധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞിട്ടുണ്ട്.

ടോക്കിയോയില്‍ അടക്കം കൊറോണ കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ട്. 3600 കേസുകളും 85 മരണവുമാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്.രോഗ വ്യാപനത്തിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ചു 3,67,000 പേരില്‍ രാജ്യത്തു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ 11,000 കടന്നു.

ലോകമാകെ പതിമൂന്നര ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കണക്ക്. മരണ സംഖ്യ മുക്കാല്‍ ലക്ഷത്തിനോടടുക്കുന്നു. രോഗം പടര്‍ന്ന് പിടിച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍ മഹാമാരി നിയന്ത്രണ വിധേയമായി എന്നു പറയാറായിട്ടില്ല. ഇറ്റലിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 111 പേര്‍ കൂടുതല്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 636 മരണമാണ് രാജ്യത്തു രേഖപ്പെടുത്തിയത്.

അതേസമയം സ്പെയിനില്‍ തുടര്‍ച്ചയായി നാലാം ദിവസം മരണ സംഖ്യയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ 637 പേരാണ് രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചത്.