നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന കണക്കുകൂട്ടലില്‍ പോലീസ്. പുറത്തായ പോലീസ് രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. തെരുവുകളില്‍ സമാധാനം നിലനിര്‍ത്താന്‍ സൈന്യത്തെ വിളിക്കേണ്ട അവസ്ഥയായിരിക്കും സംജാതമാകാന്‍ സാധ്യതയുള്ളതെന്ന് പോലീസ് വിലയിരുത്തുന്നു. ഇത്തരമൊരു സാധ്യത മുന്‍നിര്‍ത്തിയുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെ പോലീസ് സേനകള്‍ നടത്തി വരികയാണെന്നാണ് പുറത്തായ രേഖകള്‍ പറയുന്നത്. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, അവശ്യസാധനങ്ങള്‍ എന്നിവയുടെ ക്ഷാമം അനുഭവപ്പെട്ടാല്‍ അത് ക്രമസമാധാന പ്രശ്‌നമായി മാറിയേക്കാമെന്നും അതിനെ നേരിടാനുള്ള പദ്ധതികള്‍ പോലീസ് ചീഫുമാര്‍ ആലോചിക്കുന്നതായും രേഖകള്‍ പറയുന്നു.

നാഷണല്‍ പോലീസ് കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (NPoCC) തയ്യാറാക്കിയ ഡോക്യുമെന്റില്‍ വാഹനങ്ങളുടെ വന്‍നിരകള്‍ തുറമുഖങ്ങളിലും മറ്റും പ്രത്യക്ഷപ്പെടാനിടയുണ്ടെന്നും ഇത് ഗതാഗത സംവിധാനത്തെ മൊത്തം ബാധിക്കാനിടയുണ്ടെന്നും വിലയിരുത്തുന്നു. മരുന്നുകള്‍ എത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അത് ക്രമസമാധാനത്തെ ബാധിക്കും. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ജനങ്ങളുടെ പ്രതിഷേധത്തിലായിരിക്കും കലാശിക്കുക എന്നിങ്ങനെയാണ് പോലീസ് നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തെ വിലയിരുത്തുന്നത്. സണ്‍ഡേ ടൈംസ് ആണ് ഈ രേഖകള്‍ പുറത്തു വിട്ടത്.

അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മാത്രമല്ല, അവയുടെ ലഭ്യതക്കുറവു മൂലം വിതരണം നിയന്ത്രിക്കുന്നത് പ്രതിഷേധങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മോഷണം പോലെയുള്ള കുറ്റകൃത്യങ്ങള്‍ ഇതോടനുബന്ധിച്ച് വര്‍ദ്ധിച്ചേക്കാമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു. നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ ഈ മാസം പരിഗണിക്കാനിരിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.