2016 ജൂൺ 23നാണ് ഒരു റഫറണ്ടത്തിലൂടെ യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. എന്നാൽ അതിനെത്തുടർന്ന് അനേക പ്രതിസന്ധികൾ ബ്രിട്ടനിൽ ഉടലെടുത്തു. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ പതനത്തിനും കാരണം ബ്രെക്സിറ്റ്‌ തന്നെയായിരുന്നു. എന്നാൽ പുതിയ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന വിശ്വാസത്തിലാണ് ബ്രിട്ടീഷ് ജനത. എന്ത് വന്നാലും ഈ ഒക്ടോബർ 31ന് തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ബോറിസ് ജോൺസൻ. ഇത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിക്കുന്നു. നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാലും യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട് . എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. തെരേസ മേയുടെ കാലത്തെ പിൻവലിക്കൽ കരാർ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പാർക്കുന്ന യുകെ പൗരന്മാർക്ക് താൽകാലിക അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ട്. പക്ഷേ അതിന് പാർലിമെന്റ് അംഗീകാരം ലഭിച്ചിട്ടില്ല. ഒരു നോ ഡീൽ ബ്രെക്സിറ്റിനുള്ള സാധ്യതകൾ ഏറിവരുന്നു.

നോ ഡീൽ ബ്രെക്സിറ്റാണ് നടക്കുന്നതെങ്കിൽ ഒറ്റ രാത്രികൊണ്ട് കാര്യങ്ങൾ പലതും മാറിമറിയുമെന്നാണ് കണക്കുകൂട്ടൽ. യുകെയിൽ ജനിച്ച 1.3 മില്യൺ ആളുകൾ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി താമസിക്കുന്നു. യുകെയിൽ 3.2 മില്യൺ യൂറോപ്യൻ യൂണിയൻ പൗരന്മാരും ഉണ്ട്. പിൻവലിക്കൽ കരാർ പ്രകാരം 2020 ഡിസംബർ 31 വരെ നിലവിലെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കഴിയുന്ന യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ, യൂണിയനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈയൊരു സമീപനം യുകെയും നടത്തേണ്ടതുണ്ട്. യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷ് സന്ദർശകർക്കായി വിസാ രഹിത യാത്ര, കമ്മീഷൻ നിർദേശിച്ചു. പിൻവലിക്കൽ കരാറിനൊപ്പം സമ്മതിച്ച രാഷ്ട്രീയ പ്രഖ്യാപനത്തിൽ യൂണിയനും യുകെയും തമ്മിലുള്ള വ്യക്തികളുടെ സ്വതന്ത്ര മുന്നേറ്റത്തിന്റെ തത്വം ബാധകമല്ല എന്ന് യുകെ പറയുകയുണ്ടായി. ഒരു നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാൽ ഈ പ്രഖ്യാപനം അസാധുവാകും.യൂറോപ്യൻ യൂണിയനിലെ ബ്രിട്ടീഷുകാരുടെ നിയമങ്ങൾ അമേരിക്കകാർക്കും ചൈനക്കാർക്കും തുല്യമായിരിക്കും. പല രാജ്യങ്ങളും യുകെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പൊതുവെ താൽക്കാലികം മാത്രമാണ്.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരെ നോ ഡീൽ ബ്രെക്സിറ്റ്‌ ബാധിക്കും. ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിൽ നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിന് തടസം നേരിടും. തൊഴിൽ അപേക്ഷകളിൽ ബ്രിട്ടീഷുകാർ ഇപ്പോൾ വിവേചനം കാണിക്കുന്നുവെന്ന് ജർമ്മനിയിൽ താമസിക്കുന്ന ഡാനിയേൽ ടെറ്റ്ലോ പറഞ്ഞു. ഈയൊരു അവസ്ഥ തന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ബ്രിട്ടീഷ് വിദ്യാർത്ഥികളും അനുഭവിക്കേണ്ടി വരും. പിൻവലിക്കൽ കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് നിലവിലെ വ്യവസ്ഥയിൽ തുടരാനാകുമെങ്കിലും 2021ഓടെ ട്യൂഷൻ ഫീസ് വർധിക്കും. നോ ഡീൽ ബ്രെക്സിറ്റിനു ശേഷം ആരോഗ്യമേഖലയിലെ സ്ഥിതിയും മാറിമറിയും. യൂറോപ്യൻ യൂണിയനിലെ യുകെ പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂടും. മരുന്നുകളുടെ രജിസ്‌ട്രേഷനും വിതരണവും വൈകും. യൂറോപ്യൻ ഹെൽത്ത്‌ ഇൻഷുറൻസ് കാർഡ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും അസാധുവായി മാറും.സ്പെയിനിൽ താമസിക്കുന്ന 310000 ബ്രിട്ടീഷുകാരിൽ 65000 പേർ സ്ഥിരതാമസക്കാരാണ്. നോ ഡീൽ ബ്രെക്സിറ്റിനുശേഷം ബ്രിട്ടൻ മൂന്നാം രാജ്യമായി മാറുന്നതോടെ സ്പെയിനിൽ നിയമപരമായി താമസിക്കാൻ പൗരന്മാർക്ക് കുറഞ്ഞത് 26000 ഡോളർ വാർഷിക വരുമാനം തെളിയിക്കേണ്ടതുണ്ട്. ഇത് ചില ബ്രിട്ടീഷ് പെൻഷൻകാർക്ക് പ്രശ്നമായി മാറും. ഫ്രാൻസിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് അവരുടെ അവകാശങ്ങൾ ഒരു വർഷത്തെ പരിവർത്തന കാലയളവിൽ സംരക്ഷിക്കപ്പെടും. കൂടാതെ ആദ്യത്തെ ആറുമാസത്തിനുള്ളിൽ ഒരു റസിഡന്റ് പെർമിറ്റിനായി അപേക്ഷിക്കേണ്ടതുണ്ട്. ഒക്ടോബർ 31ഓടെ നോ ഡീൽ ബ്രെക്സിറ്റ്‌ നടന്നാൽ പുതിയ താമസാനുമതിക്കായി രജിസ്റ്റർ ചെയ്യാൻ അവിടെ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് 9 മാസത്തെ സമയം ജർമ്മനിയും നൽകുന്നുണ്ട്.