ശരീരത്തില്‍ വലിയ തോതില്‍ മോശം കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍. എല്‍ഡിഎല്‍-സി അമിതമാകുന്നതും ഹൃദ്രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 കാര്‍ഡിയോളജിസ്റ്റുകളുടെ സംഘമാണ് അവകാശപ്പെടുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളായ സ്റ്റാറ്റിനുകള്‍ രോഗികള്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും അവയുടെ ഉപയോഗം ഡോക്ടര്‍മാര്‍ അടിയന്തരമായി നിര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ കൊളസ്‌ട്രോള്‍ മരുന്നുകള്‍ ഫലപ്രദമാണോ എന്ന കാലങ്ങളായുള്ള വിവാദം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഈ പുതിയ വാദം.

ഒരിക്കല്‍ ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടായവര്‍ക്ക് വീണ്ടും അസുഖമുണ്ടാകാതെ കാക്കുന്നതില്‍ സ്റ്റാറ്റിനുകള്‍ ഫലപ്രദമാണെന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് പക്ഷേ രണ്ടഭിപ്രായമില്ല. മോശം കൊളസ്‌ട്രോളിന്റെ അമിത അളവാണ് ഹാര്‍ട്ട് അറ്റാക്കിന് കാരണമെന്നാണ് 50 വര്‍ഷത്തിലേറെയായി വൈദ്യശാസ്ത്രരംഗം വിശ്വസിച്ചു പോരുന്നത്. എന്നാല്‍ ഹൃദ്രോഗങ്ങള്‍ക്ക് പ്രധാന മരുന്നായി സ്റ്റാറ്റിനുകള്‍ നല്‍കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. 1.3 മില്യന്‍ രോഗികളിലാണ് പഠനം നടത്തിയത്.

ജനിതക വൈകല്യം മൂലം രക്തത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന ഫമിലിയല്‍ ഹൈപ്പര്‍കൊളസ്റ്ററോളീമിയ എന്ന അവസ്ഥയ്ക്കും ഈ മരുന്നുകള്‍ ഫലപ്രദമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്‌സ്‌പെര്‍ട്ട് റിവ്യൂ ഓഫ് ക്ലിനിക്കല്‍ ഫാര്‍മക്കോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതീറോസ്‌ക്ലീറോസിസ് എന്ന പേരില്‍ അറിയപ്പെടുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന ബ്ലോക്കുകള്‍ക്ക് കൊളസ്‌ട്രോള്‍ ആണ് കാരണക്കാരന്‍ എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.