കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നതിന് സാക്ഷിയാകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉണ്ടാകില്ല. പ്രളയാനന്തര കേരളത്തിൽ നടക്കുന്ന ഏറ്റെവും വലിയ ആഘോഷ പരിപാടിയിലെ വേദിയിലേക്ക് ഉമ്മൻചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകരായ കിയാൽ. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി., എംഎൽഎ, രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാർ എന്നിവർക്കാണ് വേദിയിൽ സ്ഥാനം.

ഉമ്മൻചാണ്ടിയെ ക്ഷണിച്ചാൽ മുൻ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന് കിയാൽ പറയുന്നു. കെപിസിസി പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും നോട്ടീസിൽ പേരില്ല. അതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയാലും വേദിയിൽ സീറ്റ് ലഭിക്കുമോയെന്ന് വ്യക്തമല്ല. മാത്യു ടി.തോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും നോട്ടീസിൽ മന്ത്രിപദവി ഉണ്ട്. കാരണം നോട്ടീസ് അച്ചടിച്ചതിന് ശേഷമായിരുന്നു രാജിവയ്ക്കൽ.

എന്നാല്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പരാതിയില്ലെന്ന് ഉമ്മൻചാണ്ടി  പറഞ്ഞു. 2016 ഫെബ്രുവരി 29ന് ആദ്യ വിമാനം കണ്ണൂരിലിറക്കിയത് റൺവേ പൂർണ സജ്ജമാക്കിയശേഷമാണ്. അന്ന് സമരം ചെയ്ത ഇടതുപക്ഷത്തിന് റൺവേയുടെ നീളം ഇതുവരെ ഒരിഞ്ച് വർധിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് വിമാനത്താവള പദ്ധതി സുപ്രധാനമായ നാഴികക്കല്ലുകളെല്ലാം താണ്ടിയത്.