സിനിമയില്‍ ഇനി തുടരില്ല; രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയവും മാറ്റിവെക്കും; കമല്‍ ഹാസന്‍

by News Desk 5 | February 14, 2018 7:39 am

 

ബോസ്റ്റണ്‍: രാഷ്ട്രീയം പ്രവേശത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി നടന്‍ കമല്‍ ഹാസന്‍. ഇനി താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കമല്‍ ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനം ഈ മാസം നടക്കും. നിലവില്‍ രണ്ടു ചിത്രങ്ങളാണ് കമലിന്റെ പുറത്തിറങ്ങാനുള്ളത്.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നാല്‍ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുമോയെന്ന ചോദ്യത്തിന് തോല്‍ക്കില്ലെന്നാണ് കമല്‍ ഹാസന്‍ മറുപടി നല്‍കിയത്. കഴിഞ്ഞ 37 ഓളം വര്‍ഷങ്ങളായി സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് 10 ലക്ഷത്തോളം അണികളെ സംമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നീതിപൂര്‍വമായ ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. തമിഴനെ സംബന്ധിച്ചിടത്തോളം കറുപ്പ് ഒരു മോശം നിറമല്ല. ദ്രാവിഡ ജനതയെയും കറുത്ത വര്‍ഗ്ഗത്തെയും പ്രതിനിധാനം ചെയ്യുന്ന കറുപ്പായിരിക്കും തന്റെ രാഷ്രട്രീയം. രാജ്യത്ത് കാവി നിറം വ്യാപിക്കുന്നത് അതീവ ആശങ്കയിലാണ് താന്‍ വീക്ഷിക്കുന്നത്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. രജനികാന്തിന്റെ രാഷ്ട്രീയം കാവിയില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ല. ഒരു കാരണവശാലും ബിജെപിയുമായി സംഖ്യത്തിലേര്‍പ്പെടില്ലെന്നും കമല്‍ ഹാസന്‍ പറയുന്നു.

Source URL: http://malayalamuk.com/no-more-film-career-says-kamal-hassan/