കൊച്ചി: കായല്‍ കൈയ്യേറിയ കേസില്‍ എം.എല്‍.എ തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കൈയ്യേറ്റം മന:പൂര്‍വ്വം നടന്നതല്ലെന്നും കോടതി പറഞ്ഞു. സി.പി.ഐ നേതാവ് മുകുന്ദനും പഞ്ചായത്തംഗം വിനോദും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കായല്‍ കൈയ്യേറ്റ സംഭവത്തില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ടു ഹര്‍ജികള്‍ പരിഗണിച്ച കോടതി ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു. കൈയ്യേറ്റ സംഭവത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനു ശേഷം കക്ഷികളെ നോട്ടീസയച്ച് വരുത്തി വിശദീകരണം ആവശ്യപ്പെടാനും കോടതി നിര്‍ദേശിച്ചു.

നേരത്തെ വിജിലന്‍സ് തോമസ് ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയത്.