തുടർച്ചയായ 11–ാം ദിവസവും കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ ന്യൂസീലൻഡ് ഒരുങ്ങുന്നു. അടുത്തയാഴ്ചയോടെ സാധാരണഗതിയിലേക്ക് രാജ്യം മാറിയേക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രകടിപ്പിച്ചു. കോവിഡിനെ പൊരുതി തോൽപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലൻഡ് മാറുമെന്നും ജസീന്ത പറയുന്നു.
ആയിരത്തി അഞ്ഞൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മരണം 22 ൽ ഒതുക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞു. വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. ഏപ്രിലിൽ രോഗികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും രോഗത്തെ പിടിച്ചു നിർത്താൻ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒരുപോലെ പരിശ്രമിച്ചു. തുടക്കം മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടുവെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി.
50 ലക്ഷത്തോളം മാത്രമാണ് പസഫിക് ദ്വീപ് രാജ്യമായ ന്യൂസീലൻഡിലെ ജനസംഖ്യ. രോഗത്തെ വരുതിയിലാക്കുന്നതിൽ ഇതും ആരോഗ്യപ്രവർത്തകരെ സഹായിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരുമെന്നും പിന്നീട് പാർലമെന്റ് യോഗത്തിന് ശേഷം തീരുമാനം എടുക്കുമെന്നും ആയിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലായെന്നും സന്തോഷകരമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും കണ്ട് ജൂൺ എട്ടോടെ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ നീക്കം.