ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള 200 മീറ്ററിലെ ലോക റെക്കോര്‍ഡ് മികച്ച വ്യത്യാസത്തില്‍ അമേരിക്കയുടെ നോഹ ലൈലെസ് തകര്‍ത്തപ്പോള്‍ എല്ലാവരും ഒന്നു ഞെട്ടി. കാരണം ലൈലെസ് ഇതിനു മുന്നുള്ള കരിയര്‍ ബെസ്റ്റ് ടൈം 19.50 സെക്കന്റാണ്. ആ ലൈലെസ് ബോള്‍ട്ടിന്റെ 19.19 സെക്കറ്റിന്റെ റെക്കോര്‍ഡ് 18.90 സെക്കന്റില്‍ ഓടിയെത്തി തകര്‍ത്തു എന്നു പറയുമ്പോള്‍ സംശയം ജനിക്കുന്നത് സ്വാഭാവികം.

ഫ്ളോറിഡയിലെ ശക്തമായ കാറ്റ് നല്‍കിയ ആനുകൂല്യത്തിലാണ് ലൈലെസ് ചരിത്രം കുറിച്ചതെന്നൊക്കെ കമെന്ററി വന്നു തുടങ്ങി. ബി ബി സി കമെന്റേറ്റര്‍ സ്റ്റീവ് ക്രാം ആശ്ചര്യം പ്രകടിപ്പിച്ചു. ഇത് സത്യമാകാനിടയില്ലെന്ന് സ്റ്റീവ് സൂചിപ്പിച്ചു. വൈകാതെ അബദ്ധം തിരിച്ചറിഞ്ഞു.

അമേരിക്കന്‍ താരം ഓടിയത് തെറ്റായ ട്രാക്കിലായിരുന്നു. പതിനഞ്ച് മീറ്റര്‍ കുറവുള്ള ട്രാക്കിലോടിയാണ് ലൈലെസ് 18.90 സെക്കന്‍ന്റില്‍ ഫിനിഷ് ചെയ്തത്. ട്രാക്ക് മാറി ഓടിയ താരത്തെ മത്സരശേഷം റിസള്‍ട്ടില്‍ നിന്നൊഴിവാക്കി.

ക്രിസ്റ്റഫെ ലെമെയ്തറെയും ചൗരാന്‍ഡി മാര്‍ട്ടിനയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ജേതാവിന് പതിനായിരം ഡോളറാണ് സമ്മാനത്തുക.