21 വർഷത്തിന് ശേഷം സാമ്പത്തിക നോബെൽ പുരസ്കാരം ഇന്ത്യയിലെത്തിയിരിക്കുന്നു. അമർത്യ സെന്നിന് ശേഷം വീണ്ടുമൊരു ബംഗാളി തന്നെയാണ് ഇന്ത്യയിലേയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബെൽ സമ്മാനം കൊണ്ടുവന്നിരിക്കുന്നത്. 1998ൽ ക്ഷേമ സാമ്പത്തിക ശാസ്ത്ര (Welfare Economics) പഠനത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് അമര്‍ത്യ സെന്‍ പുരസ്‌കാരം നേടിയത്. സാമ്പത്തിക നയങ്ങള്‍ ജന ജീവിതത്തെ ഏത് തരത്തില്‍ ബാധിക്കുന്നു എന്നത് സംബന്ധിച്ച പഠനം. വികസനാത്മക സാമ്പത്തിക ശാസ്ത്രത്തിന് (Developmental Economics) സംഭാവനകള്‍ക്കാണ് അഭിജിത്ത് ബാനര്‍ജി നോബെല്‍ നേടിയിരിക്കുന്നത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഡെവലപ്‌മെന്റല്‍ എക്കണോമിക്‌സ്.

ഭാര്യ എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പമാണ് അഭിജിത്ത് നോബെല്‍ പങ്കിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍, ജോണ്‍ എ ലിസ്റ്റ്, സെന്തില്‍ മുല്ലൈനാഥന്‍ എന്നിവര്‍ക്കൊപ്പം ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ നടത്തിയവയാണ് പ്രധാന പഠനങ്ങള്‍. മൈക്കൾ ക്രെമറും ഇത്തവണ സാമ്പത്തികശാസ്ത്ര നോബെൽ നേടി. അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡുഫ്‌ളോ, മൈക്കള്‍ ക്രെമര്‍ എന്നിവരുടെ പഠനങ്ങള്‍ ആഗോള ദാരിദ്ര്യത്തെ നേരിടാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി എന്ന് നോബെല്‍ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ഊന്നല്‍ കൊടുത്തുകൊണ്ട് ദാരിദ്ര്യത്തെ എങ്ങനെ നേരിടാം എന്നത് സംബന്ധിച്ച വ്യക്തമായ ഉള്‍ക്കാഴ്ചയുണ്ടാക്കാന്‍ മൂവരുടേയും പഠനങ്ങള്‍ സഹായകമായി എന്ന് സ്വീഡിഷ് അക്കാഡമി വിലയിരുത്തി.

1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത്ത് ബാനര്‍ജിയുടെ ജനനം. കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1988ല്‍ പിഎച്ച്ഡി നേടി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായി. 2003ല്‍ എസ്തര്‍ ഡുഫ്‌ളോയോടും സെന്തില്‍ മുല്ലൈനാഥനുമൊപ്പം അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചു. 2004ല്‍ അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഫെല്ലോഷിപ്പ് നേടി. എസ്തര്‍ ഡുഫ്‌ളോയ്‌ക്കൊപ്പം രചിച്ച Poor Economics എന്ന കൃതിക്ക് ജെറാള്‍ഡ് ലോബ് പുരസ്‌കാരം ലഭിച്ചു. 2013ല്‍ അന്നത്തെ യുഎന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണ്‍, 2015്‌ന് ശേഷമുള്ള സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു അഭിജിത്ത് ബാനര്‍ജി. ബാല്യകാല സുഹൃത്തും മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധയുമായിരുന്ന അരുന്ധതി തുലി ബാനര്‍ജിയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

ക്ഷാമങ്ങള്‍ ദാരിദ്ര്യം, അസമത്വം തുടങ്ങിയവയില്‍ അമര്‍ത്യ സെന്‍ പ്രത്യേകം ശ്രദ്ധ കേന്ദീകരിച്ചിരുന്നു. 1943ലെ കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമം വിതച്ച ദുരിതം അമര്‍ത്യ സെന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഇത് സ്വാധീനിച്ചിരുന്നു. ശരിയായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സമൂഹങ്ങളില്‍ ക്ഷാമമുണ്ടാകില്ല എന്ന് അമര്‍ത്യ സെന്‍ പറഞ്ഞു. ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴിലായിരുന്നത് കൊണ്ട് ഇത്ര മാത്രം വലിയ ദുരിതം വിതച്ച ക്ഷാമം 1943ല്‍ ബംഗാളിലുണ്ടായത് എന്ന് അമര്‍ത്യ സെന്‍ വിലയിരുത്തിയിരുന്നു. നിലവില്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ തോമസ് ഡബ്ല്യു ലാമണ്ട് പ്രൊഫസറായ അമര്‍ത്യ സെന്നിനെ 1999ല്‍ ഭാരത് രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പറഞ്ഞ അമര്‍ത്യ സെന്‍, മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ നിശിത വിമര്‍ശകനാണ്.

നോട്ട് നിരോധനത്തിന്റെ യുക്തി തനിക്ക് മനസിലായിട്ടേ ഇല്ല എന്നാണ് ന്യൂസ് 18ന് 2017 ജനുവരിയില്‍ നല്‍കിയ അഭിമുഖത്തില്‍ അഭിജിത്ത് ബാനര്‍ജി പറഞ്ഞത്. 2000 രൂപ നോട്ട് കൊണ്ടുവന്നത് എന്തിനാണ് എന്ന് അഭിജിത്ത് ബാനര്‍ജി ചോദിച്ചു. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അഭിജിത്ത് ബാനര്‍ജി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ട് നിരോധനം സംബന്ധിച്ച അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനങ്ങളെ ശരി വയ്ക്കുകയാണ് അഭിജിത്ത് ചെയ്തത്. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ഉയര്‍ന്ന നിലയില്‍ നിര്‍ത്താനും സാമ്പത്തിക സ്ഥിരതയ്ക്കും സഹായകമാകുമെന്നും അഭിജിത്ത് പറഞ്ഞിരുന്നു.