ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ‘ഗജ’ എന്ന് പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം കനത്ത മഴയോടൊപ്പം 100 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് കാലാസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഈ മാസം 14ന് അര്‍ദ്ധരാത്രിയില്‍ തമിഴ്‌നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കാരയ്ക്കലിനും ഗൂഡല്ലൂരിനും ഇടയിലായി കാറ്റെത്തിച്ചേരുമെന്നാണ് അറിയിപ്പ്.
തിങ്കളാഴ്ചയോടെ കാറ്റ് ശക്തമാകുമെന്നും വടക്കന്‍ തമിഴ്നാടിന്‍റെയും തെക്കന്‍ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിന്‍റെ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യതൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്ത് പൊകരുതെന്ന് കർശന മുന്നറിയിപ്പുണ്ട്.